
റിയാദ്: സൗദിയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ ഈ വര്‍ഷം സൗദി കോഫി വര്‍ഷമായി ആചരിക്കും. സാംസ്‌കാരിക മന്ത്രാലയം കോഫി വര്‍ഷമായി ആചരിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ലുലു ഹൈപ്പറും കോഫി വര്‍ഷം ആചരിക്കുന്നത്. സൗദി കോഫിയുടെ ഗുണവും സുഗന്ധവും പാരമ്പര്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ കോഫി ഉത്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ ലഭ്യമാക്കും.
സൗദി സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് കോഫി വര്‍ഷം കാമ്പയിന്‍. ഇതിന്റെ ഉദ്ഘാടനം മന്ത്രാലയം ഉദ്യോഗസ്ഥര്‍, കളിനറി ആര്‍ട്‌സ് കമ്മീഷന്‍, സൗദി കോഫി ഇനീഷ്യേറ്റീവ് ടീം എന്നിവരുടെ സാന്നിധ്യത്തില്‍ റിയാദ് അതിയാഫ് മാളിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്നു.

രാജ്യത്ത് വിളവെടുക്കുന്ന കോഫിയുടെ രുചിക്കൂട്ടും സാംസ്‌കാര സമ്പന്നമായ പ്രാധാന്യവും ആതിഥ്യമര്യാദയും പരിചയപ്പെടുത്തുന്ന നിരവധി ആകര്‍ഷക പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി അരങ്ങേറും. നൂറ്റാണ്ടുകളായി ഖഹ്‌വ എന്ന് വിളിക്കുന്ന കോഫി അറബികളുടെ ഇഷ്ടവും പരമ്പരാഗത പാനീയവുമാണ്. യത്തൂക്, നജ്ദിയത്, ജബലിയത്, റെഡ് ഗോള്‍ഡ് തുടങ്ങിയ കോഫി ഇനങ്ങള്‍ സൗദിയില്‍ വിളവെടുക്കുന്നുണ്ട്. അറബിക് കോഫി എന്നത് സൗദി കോഫി എന്ന പേരിലേക്ക് മാറുന്നതിനെ ലുലു ഹൈപര്‍മാര്‍ക്കറ്റ് പ്രോത്സാഹിപ്പിക്കും.
ജിസാന്‍ താഴ്‌വരകളില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഖഹ്്ലാനി ഇനത്തിലുളള കാപ്പിക്കുരു പ്രോത്സാഹിപ്പിക്കുന്നതിന് കാമ്പയ്‌നില്‍ പ്രത്യേക പ്രധാന്യം നല്‍കുന്നുണ്ട്. മൂന്ന് നൂറ്റാണ്ടിലേറെയായി ലോകത്ത് ഉന്നത ഗുണനിലവാരമുളള കാപ്പിക്കുരുവാണ് ഖഹ്്‌ലാനി. ഗ്രീന്‍ ഗോള്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.

സൗദി കോഫി വര്‍ഷത്തിന്റെ പ്രമോട്ടറാണ് ലുലു ഹൈപര്‍മാര്‍ക്കറ്റെന്ന് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ലുലു വിതരണം ചെയ്യുന്ന പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, ഫേഷ്യല്‍ ടിഷ്യൂ എന്നിവയില്‍ കോഫി വര്‍ഷം മുദ്രണം ചെയ്ത് പ്രചാരണം നടത്തുന്നുണ്ട്. സൗദി കോഫി സംസ്‌കരണത്തിനുളള ഉപകരണം, പാത്രങ്ങങ്ങള്‍, പാചക രീതി എന്നിവ ലുലു ഹൈപ്പറുകളില്‍ പരിചയപ്പെടുത്തുന്നുണ്ടെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു. ലുലു ഹൈപര്‍മാര്‍ക്കറ്റ് ശൃംഖലയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കളിനറി കമ്മീഷന്‍ സിഇഒ മയാദ ഉമര്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






