
കോഴിക്കോട്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ‘ഹാഷിം എന്‍ജിനീയര്‍ കര്‍മ്മ പുരസ്‌കാരത്തിന്’ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിന്. മതേതര മൂല്യങ്ങളും മതസൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചതിനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സംഭാവനകള്‍ക്കുമുള്ള ആദരവാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എം.സി.മായിന്‍ഹാജി, കെ.പി. മുഹമ്മദ്കുട്ടി, സി.പി. സൈതലവി, ടി.ടി. ഇസ്മായില്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സൗദി കെഎംസിസിയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ട്രഷററുമായിരുന്ന സി. ഹാഷിം എന്‍ജിനീയറുടെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ്. കിഴക്കന്‍ പ്രവിശ്യയില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ നാല് പതിറ്റാണ്ടിലേറെ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ഹാഷിം എന്‍ജിനീയറെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെയും ആമിനയുടെയും മകനായി 1962ല്‍ ജനിച്ച ഡോ. എം.കെ. മുനീര്‍, 1987ല്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. എംഎസ്എഫ്, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചു. കോഴിക്കോട് സൗത്ത്, മലപ്പുറം, കൊടുവള്ളി മണ്ഡലങ്ങളില്‍ നിന്നായി ആറുതവണ നിയമസഭയിലെത്തി. 2001ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2011ല്‍ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.
ഇന്ത്യയിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ‘ഇന്ത്യാവിഷന്റെ’ സ്ഥാപക ചെയര്‍മാനായ അദ്ദേഹം, ചന്ദ്രിക പത്രത്തിന്റെയും ഒലിവ് പബ്ലിക്കേഷന്‍സിന്റെയും ഭാരവാഹിയാണ്. ഡോക്ടര്‍, ഗായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ‘ഫാഷിസവും സംഘപരിവാറും’ എന്ന ഗ്രന്ഥത്തിന് സി. അച്യുതമേനോന്‍ പുരസ്‌കാരവും ‘ശ്രീനാരായണ ഗുരു: മൂന്നു വിചാരങ്ങള്‍’ എന്ന കൃതിക്ക് എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡും ലഭിച്ചു. ‘ഭീകരത: പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍’, ‘പശുദേശീയത’ തുടങ്ങിയവയാണ് മറ്റ് രചനള്‍. നഫീസ വിനീതയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് മിന്നാഹ്, ആമിന ഫാത്തിമ മലീഹ.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






