Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കോഴിക്കോട് സൗദി കെഎംസിസി ആസ്ഥാനം; ബഹുനില കെട്ടിട സമുച്ചയം വരുന്നു

റിയാദ്: സൗദി കെഎംസിസി നാഷനല്‍ കമ്മിറ്റി ആസ്ഥാനത്തിന് ബഹുനില കെട്ടിട സമുച്ചയം വരുന്നു. ഇതിന്റെ ശിലാസ്ഥാപനം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട് സൗദി കെഎംസിസി സെന്ററില്‍ ആഗസ്റ്റ് 17ന് രാവിലെ മുതല്‍ നടക്കുന്ന പരിപാടിയില്‍ രണ്ടര കോടി രൂപയുടെ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും നടക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഉള്‍പ്പടെ സംസ്ഥാന മുസ്ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ പങ്കെടുക്കും. ഫെബ്രുവരി 20ന് താല്‍കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്റര്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായി ഇക്കൊല്ലം മരിച്ച നാല്‍പത് പ്രവാസികളുടെ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യ വിതരണവും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴില്‍ 12 വര്‍ഷമായി നടത്തി വരുന്ന സാമൂഹിക സുരക്ഷാ പദ്ധതി സൗദിയിലെ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണ്. പദ്ധതിയില്‍ അംഗങ്ങളായിരിക്കെ എഴുനൂറ് പ്രവാസികളാണ് മരിച്ചത്. അവരുടെ നിരാലംബരായ കുടുംബങ്ങള്‍ക്ക് അത്താണിയായി മാറിയ പദ്ധതിയെ സൗദിയിലെ പ്രവാസി സമൂഹം ജാതി, മത, രാഷ്ട്രീആ ഭേദമന്യേ നെഞ്ചേറ്റുകയായിരുന്നു. നിലവില്‍ എണ്‍പത്തി അയ്യായിരം അംഗങ്ങളുള്ള പദ്ധതി പ്രവാസ ലോകത്ത് മലയാളികള്‍ കൈകോര്‍ക്കുന്ന ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണ്.

ചടങ്ങില്‍ കേരളത്തിലെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് ഫോര്‍ മെംബേര്‍സ് ആന്റ് ഫാമിലീസ് എന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രമുഖ ആതുരാലയങ്ങളുയമായി കൈകോര്‍ത്താണ് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രശസ്ത ആശുപത്രികളെ ചേര്‍ത്തുപിടിച്ചു പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഉപകാരപ്പെടുന്ന പദ്ധതി ആദ്യമായാണ് ഒരു പ്രവാസി സംഘടന നടപ്പിലാക്കുന്നത്. കെഎംസിസിയുമായി കൈകോര്‍ക്കുന്ന സൗദിയിലെ പ്രവാസി സമൂഹത്തിന് ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകും.

സൗദി ചന്ദ്രികയുടെ വെബ്‌സൈറ്റ് ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് നടക്കും. ഓണ്‍ലൈന്‍ വഴി സഊദിയിലെ പ്രവാസികള്‍ക്ക് ഏറ്റവും പുതിയ വാര്‍ത്തകള്‍ ലഭ്യമാകുന്ന വിധത്തിലാണ് സൗദി ചന്ദ്രിക ഓണ്‍ലൈന്‍ ആരംഭിക്കുന്നതെന്ന് നാഷനല്‍ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top