
റിയാദ്: സൗദിയും ഖത്തറും അതിവേഗ റെയില്‍ പാത നിര്‍മ്മാണത്തിനു കരാര്‍ ഒപ്പുവച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്. രണ്ടു ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ കരാര്‍ ഒപ്പുവയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന സൗദി-ഖത്തര്‍ ഏകോപന കൗണ്‍സിലിന് ശേഷമാണ് കരാര്‍ ഒപ്പുവച്ചത്. സൗദി ഗതാഗത വകുപ്പ് മന്ത്രി സാലെഹ് അല്‍ ജാസിറും ഖത്തര്‍ ഗതാഗത വകുപ്പ് മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനിയും കരാറില്‍ ഒപ്പുവച്ചു.

പുതിയ റെയില്‍ ശൃംഖല റിയാദിലെ കിംഗ് സല്‍മാന്‍ രാജ്യാന്തര വിമാനത്താവളത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഇത് രണ്ട് തലസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കും. സൗദിയിലെ ഹുഫൂഫ്, ദമ്മാം സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കും.

785 കിലോ മീറ്റര്‍ റെയില്‍ പാത ആറ് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളിലുമായി 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വര്‍ഷം ഒരു കോടി യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടാകും. വാണിജ്യ രംഗത്തും വിനോദ സഞ്ചാര മേഖലയിലും പുതിയ റെയില്‍ പദ്ധതി സൃഷ്ടിക്കുന്ന മുന്നേറ്റം സമ്പദ് ഘടനയില്‍ പ്രതിഫലിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





