ചൂട് അതികഠിനം; വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ വേനല്‍ കനക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചയായി ശക്തമായ അന്തരീക്ഷ താപമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. അതിനിടെയാണ് വീണ്ടും ചൂട് ശക്തമാകുമെന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു. കനത്ത അന്തരീക്ഷ താപത്തിനൊപ്പം ഉഷ്ണകാറ്റും വീശുന്നുണ്ട്. ചൂടിന് കുറയുന്നതുവരെ ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ യാത്ര ഒഴിവാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.

ദമ്മാം, മദീന, മക്ക, റിയാദ് പ്രവിശ്യകളിലാണ് അതി കഠിനമായ ചൂട് അനുഭവപ്പെടുന്നത്. ശക്തമായ കാറ്റ് അനുഭവപ്പെടുന്ന സമയങ്ങളില്‍ മരുഭൂമിയില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കണം. ഉയര്‍ന്ന താപനിലയുളള വേളയില്‍ ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങളും വിഷവാതകങ്ങളും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത്തരം അപകടങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കണമെന്നും വിദഗ്ദര്‍ പറഞ്ഞു. അതേസമയം, അല്‍ ബാഹഹ, അല്‍ ഖസീം, അബഹ ഭാഗങ്ങളില്‍ മഴയും കോടമഞ്ഞും അടങ്ങുന്ന തണുപ്പ് കാലവസ്ഥ അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ താപന നില 20-22 ഡിഗ്രി സെല്‍ഷ്യസായി തുടരുകയാണ്. അതുകൊണ്ടുതഞെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദേശ സഞ്ചാരികളായി ഇവിടങ്ങളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Leave a Reply