Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

ഇന്ത്യന്‍ മതനിരപേക്ഷതയെ സംരക്ഷിച്ചത് ഗാന്ധി ചിന്തിയ രക്തം: സുനില്‍ പി. ഇളയിടം

റിയാദ്: ഗാന്ധി ചിന്തിയ രക്തമാണ് ഇന്ത്യന്‍ മത നിരപേക്ഷതയെയും ജനാധിപത്യ മൂല്യങ്ങളെയും ദശാബ്ദങ്ങളോളം നിലനിറുത്തിയതെന്ന് സാഹിത്യ–സാംസ്‌കാരിക വിമര്‍ശകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി റിയാദില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948ല്‍ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ചിന്തിയ രക്തം, അന്‍പത് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ അധികാര ഘടനകളില്‍ നിന്നു വര്‍ഗീയതയെ അകറ്റി നിര്‍ത്തി. എന്നാല്‍ ഗാന്ധിയന്‍ പൈതൃകത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. പൊതുയിടങ്ങളില്‍ നിന്നുമാത്രമല്ല, രാഷ്ട്രീയ–സാംസ്‌കാരിക ബോധത്തില്‍ നിന്നു പോലും ഗാന്ധിയെ പുറന്തള്ളാനുള്ള ശ്രമത്തിലാണ് വര്‍ഗീയ ശക്തികള്‍.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഭരണഘടനയും മതനിരപേക്ഷതയും. ഇതു തുടര്‍ച്ചയായി അക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെ രാഷ്ട്രീയ പുനര്‍വായന അനിവാര്യമാണ്. ഗാന്ധി ഒരു ചരിത്ര സ്മാരകമല്ല, മറിച്ച് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായക പ്രതിരോധ ചിഹ്നമാണെന്നും ഇളയിടം വ്യക്തമാക്കി.

ബദിയയിലെ മാര്‍ക്ക് ആന്‍ഡ് സേവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാജി റസാക്ക് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു.

ഡോ. അരുണ്‍ കുമാര്‍, ദീപാ നിശാന്ത്, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിക്ക്, ന്യൂ ഏജ് രക്ഷാധികാരി സെക്രട്ടറി മുഹമ്മദ് സാലി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോസഫ് ഷാജി, ഗഫൂര്‍ ആനമങ്ങാട്, സുനില്‍ കുമാര്‍, മധു ബാലുശ്ശേരി, രജീഷ് പിണറായി എന്നിവര്‍ അതിഥികള്‍ക്കും മോഡറേറ്റര്‍മാര്‍ക്കും പ്രശംസാ ഫലകം സമ്മാനിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top