
റിയാദ്: വി എസിന്റെ വിടവാങ്ങലിലൂടെ ആദര്‍ശ ധീരനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമാകുന്നതെന്ന് സൗദി കെഎംസിസി. വിശ്വസിച്ച രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥമായി നിലകൊണ്ട അദ്ദേഹം പാര്‍ട്ടിക്കുള്ളിലും നീതിക്കൊപ്പം പോരാടി. കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി മൂല്യച്യുതികള്‍ക്കെതിരെ പടപൊരുതിയപ്പോള്‍ എതിര്‍പ്പുകളേറെ നേരിടേണ്ടി വന്നെങ്കിലും വിപ്ലവ വീഥിയില്‍ ആര്‍ജ്ജവത്തോടെ നിലകൊണ്ടു. തീപാറുന്ന വാക്കുകള്‍ക്ക് മുമ്പില്‍ ഒരു ജനതയെ കൂടെ നിര്‍ത്തിയ അദ്ദേഹം പ്രവര്‍ത്തനത്തിലും സംസാരത്തിലും വേറിട്ട ശൈലി കൊണ്ട് ശ്രദ്ധേയനായി.

ശക്തമായ നിലപാടുകളിലൂടെ കേരള രാഷ്ട്രീയത്തില്‍ വേറിട്ട് നിന്നപ്പോള്‍ തന്നെ തനിക്കൊപ്പം നിന്നവരെ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാട്ടിയ വി എസിന്റെ നീക്കങ്ങള്‍ അദ്ദേഹത്തിന്റെ ജനകീയ അടിത്തറക്ക് കരുത്ത് പകര്‍ന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം സഞ്ചരിച്ചായിരുന്നു അദ്ദേഹത്തിന്റെ അവകാശ പോരാട്ടങ്ങള്‍ എന്ന് കാണാനൊക്കും. വ്യക്തി ജീവിതത്തിലെ ലാളിത്യവും നിലപാടുകളിലെ കാര്‍ക്കശ്യവും കേരളീയ സമൂഹത്തിനിടയില്‍ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം നല്‍കി. അനീതിക്കെതിരെയുള്ള വി എസിന്റെ പോരാട്ടങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പോലും കൊടുങ്കാറ്റായി മാറിയത് ചരിത്രമാണെന്നും സൗദി കെഎംസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






