
റിയാദ്: കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം മലയാളം മിഷന്‍ നടത്തുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം സൗദി ചാപ്റ്റര്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയര്‍: (അല്‍ ഖസീം) ഒന്നാം സ്ഥാനവും അബ്ദുല്‍ ഹമീസ് (ദമ്മാം) രണ്ടാം സ്ഥാനവും ധ്വനി ചന്ദ്രന്‍ (നജ്‌റാന്‍ ) മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍: തീര്‍ത്ഥ പി.എസ് (ജിസാന്‍) ഒന്നാം സ്ഥാനവും ഖദീജ താഹ (ജിസാന്‍) രണ്ടാം സ്ഥാനവും ഗൗരി നന്ദ (ദമാം ) മൂന്നാം സ്ഥാനവും നേടി. സൗദി ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ്, ദമ്മാം, ജിദ്ദ, അല്‍ഖസീം, തബൂക്ക്, നജ്‌റാന്‍, അബഹ, ജിസാന്‍ എന്നീ മേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍ കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഒ.ന്‍.വി കുറുപ്പിന്റെ കവിതകളാണ് മത്സരാര്‍ത്ഥികള്‍ പാരായണം ചെയ്തത്. സബീന. എം സാലി, നീതു കുറ്റിമാക്കല്‍, ശിവപ്രസാദ് പാലോട് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ചാപ്റ്റര്‍ പ്രസിഡണ്ട് പ്രദീപ് കൊട്ടിയം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി മലയാളികളുടെ പുതുതലമുറയില്‍ മാതൃഭാഷ പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും അദ്ദേഹം ചൂണ്ടി കാട്ടി. മാതൃ ഭാഷയിലൂടെ മാത്രമേ സംസ്‌കാര സമ്പന്നമായ വ്യക്തിത്വ രൂപീകരണം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി കുട്ടികളില്‍ മലയാള ഭാഷ പകര്‍ന്നു നല്‍കുന്നതില്‍ കാവ്യാലാപന മത്സരത്തിന്റെ പ്രസക്തിയും മലയാളം മിഷന്‍ നടത്തുന്ന കഥാ വായന, പ്രസംഗം, ചിത്ര രചന, ഭാഷ സാഹിത്യ അഭിരുചി ക്യാമ്പുകളുടെ പ്രാധാന്യവും ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ വിശദീകരിച്ചു. ചെയര്‍മാന്‍ താഹ കൊല്ലെത്ത്, കണ്‍വീനര്‍ ഡോ.ഷിബു തിരുവനന്തപുരം, ലോക കേരള സഭ അംഗം കെ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലില്‍ വിദഗ്ധ സമിതി വൈസ് ചെയര്‍മാന്‍ ഡോ. രമേശ് മൂച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു. മലയാളം മിഷന്‍ വിദഗ്ധ സമിതി ചെയര്‍പേഴ്‌സണ്‍ ഷാഹിദ ഷാനവാസ്, മേഖല കോഓര്‍ഡിനേറ്റര്‍മാരായ ഡോ. രമേശ് മൂച്ചിക്കല്‍, അനു രാജേഷ്, ഷാനവാസ് കളത്തില്‍, പി.കെ.ജുനൈസ്, ഉബൈസ് മുസ്തഫ, കെ. ഉണ്ണികൃഷ്ണന്‍, വി കെ .ഷഹീബ എന്നിവര്‍ നേതൃത്വം നല്‍കി.

മത്സരം മികച്ച നിലവാരം പുലര്‍ത്തിയതായും അക്ഷര സ്ഫുടത, മിതമായ ഭാവ ശബ്ദ പ്രകടനം, അര്‍ത്ഥം, ആശയം ഇവയുടെ സ്പഷ്ടീകരണം എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചണ് ജേതാക്കളെ കണ്ടെത്തിയതെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. മാതൃഭാഷയുടെ ജീവിത പരിസരങ്ങളില്‍ നിന്നു അകന്ന് പ്രവാസ ലോകത്ത് വിദേശ ഭാഷകളിലൂടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനം കാവ്യാലാപന മത്സരത്തിന്റെ മൂല്യനിര്‍ണ്ണയത്തില്‍ വെല്ലുവിളി ഉയര്‍ത്തിയതായും വിധികര്‍ത്താക്കള്‍ പറഞ്ഞു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് സാക്ഷ്യപത്രം സമ്മാനിച്ചു. വിജയികള്‍ക്കു മലയാളം മിഷന്‍ കേന്ദ്ര ഓഫീസ് നടത്തുന്ന ആഗോള തല ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നു ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫനും വിദഗ്ധ സമിതി ചെയര്‍പേഴ്‌സണ്‍ ഷാഹിദ ഷാനവാസും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






