
ജിസാന്‍: പൊതുഗതാഗത സംവിധാനം കൂടുതല്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി ജിസാനില്‍ പുതിയ ബസ് സര്‍വീസുകള്‍ പ്രവര്‍ത്തനം തുടങ്ങി. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 47 അത്യാധുനിക ബസുകളാണ് നിരത്തിലിറക്കിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

പ്രതിദിനം 18 മണിക്കൂര്‍ ബസ് സര്‍വീസ് ലഭ്യമാണ്. നഗരത്തിലെ തിരക്കേറിയ മേഖലകളെ ബന്ധിപ്പിക്കാനും യാത്രക്കാര്‍ക്ക് വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാനും പുതിയ സംവിധാനം സഹായിക്കും. ജിസാന്‍ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പൊതുഗതാഗത ശൃംഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ജസാന്‍ നഗരത്തില്‍ നിന്ന് സബിയ, അബു അരീഷ് എന്നീ ഗവര്‍ണറേറ്റുകളെ ബന്ധിപ്പിച്ചാണ് പുതിയ സര്‍വ്വീസ്. ഇതിനുപുറമെ വിനോദ സഞ്ചാര കേന്ദ്രമായ ഫുര്‍സാന്‍ ദ്വീപിനെ ബന്ധിപ്പിക്കാനും സര്‍വ്വീസ് സഹായിക്കും.

സഊദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ ഗതാഗത മേഖലയില്‍ നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളുടെ തുടര്‍ച്ചയായാണ് ജിസാനിലെ ബസ് ആധുനികവല്‍ക്കരണം. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിപുലമായ റൂട്ടുകളും സമയക്രമവുമാണ് ബസ് സര്‍വീസുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജിസാന്‍ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിലാണ് പുതിയ പൊതുഗതാഗത സംവിധാനം വിഭാവന ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






