
റിയാദ്: ചെയ്ത തെറ്റെന്തെന്നറിയാതെ നിയമക്കുരുക്കില്‍ പെട്ട് നെഞ്ചുരുകി കഴിഞ്ഞത് നീണ്ട രണ്ടര മാസം. ഒടുവില്‍, പ്രാര്‍ത്ഥനകള്‍ ഫലം കണ്ട സന്തോഷത്തില്‍ ആലപ്പുഴ പുന്നപ്ര കിഴവനതയ്യില്‍ അമീര്‍ ഹമീദ് (36) ജന്മനാട്ടിലേക്ക് വിമാനം കയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ കനലുകള്‍ക്കിടയില്‍ കുവൈത്തില്‍ നിന്ന് ദമ്മാം വഴി കൊച്ചിയിലേക്കുള്ള യാത്രയാണ് അമീറിന് കെണിയായത്.


ഏതാനും വര്‍ഷങ്ങളായി അമീര്‍ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ സംഘര്‍ഷം രൂക്ഷമായതോടെ കുവൈത്ത് വിമാനത്താവളം അടച്ചു. ഇതോടെ നാട്ടിലെത്താന്‍ മറ്റ് വഴികളില്ലാതെ, കഴിഞ്ഞ മാര്‍ച്ച് 14നാണ് റോഡ് മാര്‍ഗം അമീര്‍ സഊദിയിലെ ദമ്മാമിലെത്തുന്നത്. അവിടെ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കാത്തിരുന്ന അമീറിനെ കാത്തിരുന്നത് ദുരന്തമായിരുന്നു. ‘വാണ്ടഡ്’ പട്ടികയില്‍ അമീറിന്റെ പേര് കണ്ടതോടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്ര തടഞ്ഞു.
പത്ത് വര്‍ഷം സഊദിയിലെ ഹായിലില്‍ അമീര്‍ ജോലി ചെയ്തിരുന്നു. യാതൊരു നിയമ പ്രശ്‌നങ്ങളും ഇല്ലാതെയാണ് 2021 മേയ് മാസത്തില്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയത്. സഊദിയില്‍ ഉണ്ടായിരുന്നപ്പോള്‍ ട്രാഫിക് പിഴയോ, പണമിടപാട് കേസുകളോ അമീറിന്റെ പേരിലുണ്ടായിരുന്നില്ല. എന്നാല്‍, രാജ്യം വിട്ട് നാല് വര്‍ഷത്തിന് ശേഷം അമീറിന്റെ പഴയ ?ഖാമ നമ്പറില്‍ ആരോ 11,200 റിയാല്‍ പിഴ കടന്നുകൂടി. ഇതറിയാതെയാണ് അമീര്‍ സഊദിയില്‍ വീണ്ടും കാലുകുത്തിയത്.

ചെയ്യാത്ത കുറ്റത്തിന് പിടികിട്ടാപ്പുള്ളിയായി മാറിയ അമീര്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയി. കയ്യില്‍ പണമില്ല, തല ചായ്ക്കാന്‍ ഇടമില്ല, നാട്ടില്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം മാത്രം മനസ്സില്‍. ആദ്യമൊക്കെ ദമ്മാമിലെ ജവാസത്ത് ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കേസ് തീര്‍പ്പാക്കാന്‍ റിയാദിലേക്ക് പോകാനായിരുന്നു നിര്‍ദേശം.
ഈ പ്രതിസന്ധിഘട്ടത്തിലാണ് കെ.എം.സി.സി ആലപ്പുഴ ജില്ലാ സെക്രട്ടറി സിയാദ് കായംകുളം അമീറിന് താങ്ങായി നിയമനപെടികള്‍ക്ക് നേതൃത്വം നല്‍കിയത്. റിയാദില്‍ നിയാസ് കായംകുളം, റിയാസ് പുന്നപ്ര എന്നിവര്‍ അമീറിന് താമസവും ഭക്ഷണവും നല്‍കി അഭയംകൊടുത്തു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ ഷറഫുദ്ദീന്‍, സവാദ് എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. സിയാദ് കായംകുളം റിയാദ് നാടുകടത്തല്‍ കേന്ദ്രത്തിലെ പ്രവാസികാര്യ വകുപ്പുമായി നിരന്തരം നടത്തിയ പോരാട്ടം അമീറിന്റെ പേരില്‍ അബദ്ധത്തില്‍ കടന്നുകൂടിയ പിഴ ഒഴിവാക്കാന്‍ സഹായിച്ചു. ‘വാണ്ടഡ്’ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്ത് എക്‌സിറ്റ് വിസയും അനുവദിച്ചു. കൈത്താങ്ങായ പ്രവാസി സുഹൃത്തുക്കള്‍ക്കും കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റിക്കും നന്ദിപറഞ്ഞ്, നഷ്ടപ്പെട്ട രണ്ടര മാസങ്ങളുടെ നോവുമായി അമീര്‍ ഇന്നലെ വിമാനം കയറി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






