മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ ഒക്ടോബര്‍ 10നുണ്ടായ വ്യോമാക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് പ്രവാസികളെ ദുരിതത്തിലാക്കുന്നു. റിയാദില്‍ നിന്നുള്ള ഫ്‌ളൈ നാസ് നവംബര്‍ 10 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി യാത്രാക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചുതുടങ്ങി. ഇതോടെ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്നവന ആശങ്കയിലാണ്. വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കിയതോടെ അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോകേണ്ടവരും അവധി കഴിഞ്ഞ് തിരിച്ചെത്തേണ്ടവരും പ്രതിസന്ധിയിലായിലാണ്.
യമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ നാസ് തുടങ്ങിയ വിമാന കമ്പനികളുടെ ജീവനക്കാര്‍ ഉള്‍പ്പെടെ ഏതാനും പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്. ഇന്ത്യന്‍ വിമാന കമ്പനികളും ജിസിസി രാജ്യങ്ങളിലെ പ്രമുഖ വിമാന കമ്പനികളും സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി.

പ്രതിസന്ധി മറികടക്കാന്‍ സൗദി എയര്‍ലൈന്‍സും ഫ്‌ളൈ നാസും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കേരളത്തിലേക്ക് സര്‍വീസുകള്‍ പുനഃക്രമീകരിച്ചിരുന്നു. എന്നാല്‍, ഇന്നലെ ദമ്മാം വിമാനത്താവളത്തിന് നേരെയും ആക്രമണ ശ്രമം ഉണ്ടായി. ഒരു ഇന്ത്യക്കാരനും സൗദി പൗരനും ഉള്‍പ്പെടെ രണ്ടു പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടെങ്കിലും ദമ്മാം എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

റിയാദ് വിമാനത്താവളം അടച്ചതോടെ, കൊച്ചിയില്‍ നിന്ന് ജിദ്ദ വഴി ബുറൈദയിലേക്കാണ് റിയാദിലേക്കുളള യാത്രക്കാര്‍ എത്തുന്നത്. ബഹ്‌റൈന്‍ വഴി ബുറൈദയിലേക്ക് ഗള്‍ഫ് എയറും സര്‍വീസ് നടത്തുന്നുണ്ട്. റിയാദില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന സൗദി എയര്‍ലൈന്‍സ് ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എങ്കിലും യാത്രാ ദുരിതത്തിന് അറുതിയായിട്ടില്ല.
സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ തുടരുകയാണ്. നിലവിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും വിമാന സര്‍വീസുകള്‍ പൂര്‍ണ്ണ തോതില്‍ പുനഃരാരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസലോകം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






