Sauditimesonline

salamcha
പ്രവാസത്തോട് വിടപറഞ്ഞ് അബ്ദുള്‍ സലാം തൃക്കരിപ്പൂര്‍

പ്രവാസത്തോട് വിടപറഞ്ഞ് അബ്ദുള്‍ സലാം തൃക്കരിപ്പൂര്‍

റിയാദ്: ഉപജീവനത്തിനായി പ്രവാസലോകത്തെത്തി മൂന്ന് പതിറ്റാണ്ടിലേറെക്കാലം സഹജീവികള്‍ക്കായി ആശ്വാസത്തിന്റെ തണലൊരുക്കിയ മുതിര്‍ന്ന കെ.എം.സി.സി നേതാവ് എ. അബ്ദുള്‍ സലാം തൃക്കരിപ്പൂരിന് യാത്രയയപ്പ്. റിയാദ് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 22 രാത്രി എട്ടിന് മലസിലാണ് യാത്രയയപ്പ് ഒരുക്കുന്നത്.

സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി കൗണ്‍സിലര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍, വൈസ് പ്രസിഡന്റ് എന്നീ പ്രധാന ചുമതലകള്‍ അബ്ദുള്‍ സലാം തൃക്കരിപ്പൂര്‍ വഹിച്ചിട്ടുണ്ട്. കൂടാതെ കാസര്‍കോട് ജില്ലാ കെ.എം.സി.സി, തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റികളുടെയും മുതിര്‍ന്ന നേതാവാണ് അദ്ദേഹം. പ്രവാസ ലോകത്തെ മത, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്റെ സൗദി കോര്‍ഡിനേറ്ററായും മികച്ച സേവനം കാഴ്ചവെച്ചു. മുസ്‌ലിം ലീഗ് നേതാക്കളുമായും തങ്ങള്‍ കുടുംബവുമായും അടുത്ത സൗഹൃദവും അബ്ദുള്‍ സലാം കാത്തുസൂക്ഷിക്കുന്നുണ്ട്.

സൗമ്യമായ ഇടപെടലുകളും കൃത്യനിഷ്ഠയുമാണ് പ്രവര്‍ത്തന രീതി. ഏത് പ്രതിസന്ധി ഘട്ടത്തിലും സഹായഹസ്തവുമായി അദ്ദേഹം മുന്‍പന്തിയിലുണ്ടാകും. റിയാദില്‍ കെ.എം.സി.സിയുടെ പ്രസ്ഥാനപരമായ അടിത്തറ ശക്തിപ്പെടുത്തുന്നതിലും പ്രവാസികള്‍ക്ക് താങ്ങായി മാറുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

കോവിഡ് മഹാമാരിയുടെ സമയത്ത് റിയാദ് കെ.എം.സി.സി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്നു നേതൃത്വം നല്‍കി. രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നതിലും തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്റെ ജീവകാരുണ്യ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. ഇതിനുപുറമെ, വിശുദ്ധ ഭൂമിയില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കെ.എം.സി.സി വോളന്റിയര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് പ്ലാനിംഗോടെ സേവനമനുഷ്ഠിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. പദവികള്‍ക്കപ്പുറം മനുഷ്യത്വപരമായ സമീപനത്തിലൂടെ വിശാലമായ സൗഹൃദവും ആദരവും നേടിയെടുത്ത പ്രിയ നേതാവിനുള്ള യാത്രയയപ്പാണ് ഒരുക്കിയിട്ടുളളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top