Sauditimesonline

mahroof
എഐ കേട്ടറിഞ്ഞാല്‍ പോര, പഠിച്ചറിയണം; റിയാദില്‍ ഒഐസിസി സമ്മിറ്റ്

എഐ കേട്ടറിഞ്ഞാല്‍ പോര, പഠിച്ചറിയണം; റിയാദില്‍ ഒഐസിസി സമ്മിറ്റ്

റിയാദ്: കേവലം അനുസ്മരണ സമ്മേളനങ്ങളിലും കലാ-വിനോദ പരിപാടികളിലുമൊതുങ്ങുന്ന പ്രവാസി സംഘടനകളുടെ പരമ്പരാഗത പ്രവര്‍ത്തന ശൈലിക്ക് വിരാമമിട്ട് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ മാതൃകാപരമായ ചുവടുവെപ്പ്. പ്രവാസികളെ വിജ്ഞാനത്തിലധിഷ്ഠിതമായ ഭാവിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘എഐ സമ്മിറ്റ്’ പ്രവാസി സമൂഹത്തിന് പുതിയൊരു സാംസ്‌കാരിക സാങ്കേതിക മുന്നേറ്റമായി മാറി.

സാധാരണ പ്രവാസി കൂട്ടായ്മകളുടെ ഊര്‍ജ്ജവും സമയവും പണവും വിനോദങ്ങളില്‍ മാത്രം തളച്ചിടുന്ന കാലത്താണ് നിര്‍മ്മിത ബുദ്ധിയില്‍ അറിവും പരിശീലനവും നല്‍കാന്‍ ഒഐസിസി രംഗത്തുവന്നത്. സമകാലിക ലോകത്ത് എഐ സാക്ഷരത മാത്രം പോരെന്നും പ്രാവീണ്യം തന്നെ നേടണമെന്നുമാണ് സമ്മിറ്റ് നല്‍കിയ സന്ദേശം. സാങ്കേതിക സൗകര്യങ്ങള്‍ ജീവിതത്തിന്റെയും തൊഴിലിന്റെയും ഭാഗമായി മാറുന്ന ഇക്കാലത്ത്, പ്രായോഗിക പ്രാവീണ്യം കൈവരിക്കേണ്ടതിന്റെ അനിവാര്യതയും അത് വരുംതലമുറയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്നും സമ്മിറ്റ് ചര്‍ച്ച ചെയ്തു.

സിവ്‌റ ടെക്‌നോളജീസ് എംഡി മഅ്‌റൂഫ് പൂളമണ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ സാങ്കേതിക അറിവുകള്‍ തുറന്നുനല്‍കുന്ന വലിയ സാധ്യതകള്‍ അദ്ദേഹം പങ്കുവച്ചു. പ്രവാസി സമൂഹത്തിന് ഏറെ ഉപകാരപ്രദമായ ഉദ്യമം സംഘടിപ്പിച്ചതിന് ഒഐസിസിയെ അഭിനന്ദിക്കുകയും ചെയ്തു.

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജര്‍ നവാസ് റഷീദ് ക്ലാസ് നയിച്ചു. തൊഴില്‍ മേഖലയിലും ദിനചര്യകളിലും നിര്‍മ്മിത ബുദ്ധി ഉണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും, പ്രവാസികള്‍ കാലത്തിനനുസരിച്ച് എഐ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നം അദ്ദേഹം വിശദീകരിച്ചു.

സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയ്‌ക്കൊപ്പം പ്രവാസി സമൂഹത്തെയും സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എഐ സമ്മിറ്റ്, റിയാദിലെ പ്രവാസി സമൂഹത്തിന് പുതിയൊരു അനുഭവവും അറിവുമാണ് സമ്മാനിച്ചത്. ഒഐസിസിയുടെ ക്രിയാത്മക ചുവടുവെപ്പ് മറ്റ് സംഘടനകള്‍ക്കും വലിയ മാതൃകയാണെന്ന് സമ്മിറ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top