
റിയാദ്: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാലാവധി ഒക്ടോബര്‍ 30ന് അവസാനിക്കാനിരിക്കെ, പദ്ധതി പുതുക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തത ഉണ്ടാകാത്തതില്‍ കേളി കലാസാംസ്‌കാരിക വേദി പ്രതിഷേധിച്ചു. പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേളി ആവശ്യപ്പെട്ടു.

ലോക കേരളസഭയുടെ നിര്‍ദേശപ്രകാരം പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചു രൂപം നല്‍കിയ നോര്‍ക്ക കെയര്‍ പദ്ധതിക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. പദ്ധതിയുടെ ഗുണഫലങ്ങള്‍ നേരിട്ടറിഞ്ഞവരും തുടര്‍ചികിത്സ ആവശ്യമുള്ളവരും പോളിസി പുതുക്കാനായി കാത്തിരിക്കുകയാണ്. എന്നാല്‍ പദ്ധതിയുടെ തുടര്‍ച്ച സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ടെന്ന് കേളി ചൂണ്ടിക്കാണിച്ചു.

പൊതുതാല്‍പര്യ പദ്ധതികള്‍ നിലച്ചുപോകുന്നത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. അതിനാല്‍ സ്വകാര്യ മേഖലയുടെ താല്‍പര്യങ്ങള്‍ക്കപ്പുറം പ്രവാസികളുടെ ആരോഗ്യസുരക്ഷയ്ക്കായിരിക്കണം സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഗുണഭോക്താക്കളുടെ ആശങ്കയകറ്റാന്‍ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേളി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





