Sauditimesonline

obit 3
വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; നേരിട്ടുള്ള വിമാന സര്‍വീസില്ലാത്തത് പ്രവാസികള്‍ക്ക് ദുരിതം

കോടിയുടെ കവചം, കരുതലിന്റെ കെയര്‍; പ്രവാസികള്‍ക്കായി നോര്‍ക്ക കെയര്‍

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കുള്ള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി ‘നോര്‍ക്ക കെയര്‍’ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള അവസരം 2026 നവംബര്‍ 30 വരെ ലഭ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവാസികള്‍ക്ക് ഓണ്‍ലൈനായി പദ്ധതിയില്‍ അംഗത്വം നേടാനും സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും പുതിയ വെബ്‌പോര്‍ട്ടലിലും പരിഷ്‌കരിച്ച മൊബൈല്‍ ആപ്പിലും ഒരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി മുന്‍പുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയ്ക്കു പകരം 3 ലക്ഷം, 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി എന്നിങ്ങനെ എട്ട് വ്യത്യസ്ത സ്ലാബുകളില്‍ നോര്‍ക്ക കെയര്‍ പരിരക്ഷ ലഭിക്കും. ഇതില്‍ മൂന്നു ലക്ഷം രൂപ മുതലുള്ള പോളിസികളില്‍ പ്രവാസിയുടേയും പങ്കാളിയുടേയും മാതാപിതാക്കളെയും (110 വയസ്സുവരെ) ഉള്‍പ്പെടുത്താം. നിലവിലുള്ള രോഗങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ ഇന്ത്യയ്ക്കുള്ളിലുളളവര്‍ക്ക് പരിരക്ഷ ലഭിക്കും. നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുള്ള 18 നും 70 നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് പദ്ധതിയില്‍ എന്റോള്‍ ചെയ്യാം. പോളിസി ഉടമയുടെ പ്രായത്തിന് ആനുപാതികമായാണ് പ്രീമിയം തുക കണക്കാക്കുന്നത്.

ഓണ്‍ലൈന്‍ എന്റോള്‍മെന്റ്, ഇ-കാര്‍ഡ് ഡൗണ്‍ലോഡ്, പേയ്‌മെന്റ് രസീത്, റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം ഫോമുകള്‍, ക്യാഷ്‌ലെസ് ആശുപത്രികളുടെ പട്ടിക, ക്ലെയിമുകളുടെ തല്‍സ്ഥിതി പരിശോധന എന്നീ സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാണ്. ഇതിനുപുറമെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ലബോറട്ടറി പരിശോധനകള്‍, ഫാര്‍മസി സേവനങ്ങള്‍, അടിയന്തര സാഹചര്യങ്ങളില്‍ ലൈവ് ലൊക്കേഷന്‍ പങ്കുവെക്കുന്ന എസ്ഒഎസ് സംവിധാനം, ആംബുലന്‍സ് സഹായം അഭ്യര്‍ഥിക്കാനുള്ള സൗകര്യം എന്നിവയും ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. നോര്‍ക്ക കെയറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ക്ലെയിം സഹായത്തിനുമായി ഇന്ത്യയില്‍നിന്ന് 24 മണിക്കൂറും 1860 4191 401, 1860 4191 402 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. വിദേശത്തുള്ള അംഗങ്ങള്‍ക്ക് മൊബൈല്‍ ആപ്പിലെ ഇന്‍ആപ്പ് കോള്‍ സൗകര്യം പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top