Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

രാഹുല്‍ ഗാന്ധിയുടെ ശബ്ദം ബിജെപി ഭയക്കുന്നു; ‘കടക്ക് പുറത്ത്’ യുഡിഎഫ് അജണ്ട

റിയാദ്: ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിയാത്ത ജനാധിപത്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബെന്നി ബഹ്ന്നാന്‍ എംപി. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ അനുവദിക്കാതെ സ്പീക്കറും മന്ത്രിമാരും ഇത്തരത്തില്‍ പ്രതിരോധം തീര്‍ക്കുന്നത് ഒരു കാലഘട്ടത്തിലും ഉണ്ടായിട്ടില്ല. റിയാദ് ഒഐസിസി ‘ലക്ഷ്യ’ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ക്യാമ്പിന് ശേഷം മാധ്യമങ്ങളോട് സാംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഡ്ജറ്റ് സെഷനില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത് അതീവ ഗൗരവമുളള കാര്യങ്ങളാണ്. അമേരിക്ക ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന വിവിധ വിഷയങ്ങളാണ് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങളെ എതിര്‍ത്തത്.

രാജ്യത്തിന്റെ പൗരാവകാശം പോലും ചോദ്യം ചെയ്യുന്ന ധിക്കാരപരമായ സമീപനങ്ങളാണ് പുറത്തുവരുന്നത്. സ്വതന്ത്ര പരമാധികാര രാജ്യത്തിനെതിരെ ആജ്ഞാപിക്കുന്ന തരത്തിലാണ് അമേരിക്കയുടെ പ്രസ്താവനകള്‍. ഈ സാഹചര്യത്തില്‍ വസ്തുതകള്‍ പാര്‍ലമെന്റില്‍ പറയരുതെന്ന് പറയുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭൂഷണമല്ല. മോദിയും ബിജെപിയും ഭയപ്പെടുന്നത് രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തെയാണ്.

രാഹുല്‍ ഉന്നയിക്കുന്നത് ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യ താല്‍പര്യങ്ങളാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവിന്റെ അവകാശത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. മാത്രമല്ല, ഏകപക്ഷീയ തീരുമാനം എടുക്കാന്‍ സ്പീക്കറെ പ്രേരിപ്പിക്കുകയാണ്. അതിലുളള എതിര്‍പ്പാണ് സ്പീക്കര്‍ക്കെതിരെയുളള അവിശ്വാസ പ്രമേയമെന്നും ബെന്നി ബഹ്‌നാന്‍ പറഞ്ഞു.

‘കടക്ക് പുറത്ത്’ എന്ന് ജനങ്ങള്‍ പിണറായി വിജയനോട് പറയുന്നു. അതുതന്നെയാണ് യുഡിഎഫിന്റെ അജണ്ട. ഒന്‍പതര വര്‍ഷം കേരളത്തെ തകര്‍ത്ത സര്‍ക്കാരാണിത്. ആറു ലക്ഷം കോടിയിലധികം ബാധ്യതയാണ് സംസ്ഥാനത്തിനുളളത്. മോദിയുടെ അധികാരത്തിന്റെ കണ്ണ് പാഠപുസ്തകങ്ങളിലാണ്. അതുകൊണ്ടാണ് പോളിറ്റ്ബ്യൂറോ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുമ്പോഴും പിഎംസി പദ്ധതിയില്‍ കേരളം ഒപ്പുവച്ചത്. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും തകര്‍ന്നടിഞ്ഞു. ആരോഗ്യം വെന്റിലേറ്ററിലാണ്. മതസൗഹാര്‍ദ്ധം തകര്‍ത്ത് വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നു. കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ പോകണമെന്ന് ഇടതു സഹയാത്രികരും പരസ്യമായി പറയുന്നത്. വര്‍ഗ വിപ്ലവത്തിന് പകരം വര്‍ഗ വിഭജനത്തിനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ബെന്നി ബഹ്ന്നാന്‍ ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി ജന. സെക്രട്ടറി അഡ്വ. പി എ സലിം, ബാലകൃഷ്ണന്‍ പെരിയ, ഒഐസിസി ദേശീയ പ്രസിഡന്റ് ബിജു കല്ലുമല, സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, നിഷാദ് ആലങ്കോട്, ഫൈസല്‍ ബാഹസന്‍ എന്നിവരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top