മിദിലാജ് വലിയന്നൂര്‍

ബുറൈദ: അറബ് ഗ്രാമീണ പൈതൃകം വിളംബരം ചെയ്യുന്ന റബിയ ആഘോഷങ്ങള്‍ക്ക് ബുറൈദയില്‍ തുടക്കം. പരമ്പരാഗത വിഭവങ്ങള്‍ തയ്യാറാക്കുന്നതും കരകൗശല ഉത്പ്പന്നങ്ങളുടെ നിര്‍മാണവും പ്രദര്‍ശിപ്പിക്കുന്ന പവിലിയനാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

ബുറൈദ അല്‍ ഹസിയ റോഡിലാണ് റബിയ ആഘോഷങ്ങള്‍ക്ക് വേദി ഒരുക്കിയിട്ടുളളത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്തമായാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഷിക ഗ്രാമമായ ബുറൈദയില്‍ ശീതകാലത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ് റബിയ മേള. പരമ്പരാഗത അറബ് വിഭവങ്ങള്‍ പരിചയപ്പെടാനും തയ്യാറാക്കുന്ന വിധം പുതു തലമുറക്ക് പഠിക്കാനും മേളയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നെയ്ത്ത് ഉള്‍പ്പെടെ കരകൗശല വിദ്യകളുടെ പ്രദര്‍ശനവും ആകര്‍ഷകമാണ്. നിരവധി വിനോദ പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെ സന്ദര്‍ശനം നടത്തുന്നത്. മലയാളി കുടുംബങ്ങളും ഖസിം പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തുന്നുണ്ട്.
ഖസിം പ്രവിശ്യാ നഗരസഭകളുടെ പവലിയനുകള്‍, പ്രധാനപ്പെട്ട പ്രോജക്ടുകള്‍, മുനിസിപ്പല്‍ സേവനങ്ങള്‍, കമ്മ്യൂണിറ്റി സംരംഭങ്ങള്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് അടുത്തറിയാനും സൗകര്യം ഉണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





