റിയാദ്: സൗദി അറേബ്യയില്‍ വ്യാപക മഴ. ജിസാനിലെ വെളളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. നിരവധി പ്രദേശങ്ങളില്‍ പച്ചക്കറി കൃഷിക്ക് നാശനഷ്ടവും സംഭവിച്ചു. കാറില്‍ സഞ്ചരിക്കുന്നതിനിടെ, മലവെളളപ്പാച്ചിലില്‍ കുടുങ്ങിയ നാലംഗ സംഘത്തെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
ജിസാനില്‍ അല്‍റീഥ് ലജബ് താഴ്‌വരയില്‍ ഉല്ലാസ യാത്രക്കിടെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ഒഴുക്കില്‍പെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ബുസ്താന്‍ താഴ്‌വരയില്‍ പിക്കപ്പ് യാത്രക്കാരാണ് പ്രളയത്തില്‍ കുടുങ്ങിയത്. താഴ്‌വര മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മലവെളളം താഴ്‌വരയിലേക്ക് കുത്തിയൊലിച്ചത്. ഇവരെ സിവില്‍ ഡിഫന്‍സ് ഭടന്‍മാര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.
അതിനിടെ, മഴയെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ട റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ മാറ്റിവെച്ചു. ഇന്ന് നടക്കേണ്ട പരിപാടികളും ഉപേക്ഷിച്ചു. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കിഴക്കന്‍ പ്രവിശ്യയില്‍ മഴയും മഞ്ഞു വീഴ്ചയും പച്ചക്കറി കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാബേജ്, തക്കാളി, പച്ചമുളക് എന്നിവയാണ് വ്യാപകമായി നശിച്ചത്. വരുന്ന ഏതാനും ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ മഴയും മഞ്ഞുവീഴ്ചയും തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.