
റിയാദ്: സാങ്കേതികവിദ്യയില്‍ അറിവും അഭിരുചിയുമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘വെബ് ചാമ്പ്യന്‍ഷിപ്പ്’ ശ്രദ്ധേയമായി. സ്‌കൂളില്‍ നടന്നുവരുന്ന വിവിധ ഐടി അധിഷ്ഠിത മത്സരങ്ങളുടെ ഭാഗമായാണ് വെബ്‌സൈറ്റ് നിര്‍മ്മാണ മത്സരം അരങ്ങേറിയത്. ‘സ്‌കൂളുകളിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് സിസ്റ്റം’ എന്ന പ്രായോഗിക വിഷയത്തിലായിരുന്നു വിദ്യാര്‍ഥികളുടെ മത്സരം.

ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രാഥമിക സ്‌ക്രീനിംഗില്‍ മുപ്പതാലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇവരില്‍ നിന്ന് സമര്‍ത്ഥരായ പത്ത് വിദ്യാര്‍ഥികളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. കടുത്ത മത്സരത്തിനൊടുവില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സഹ്‌റ മറിയം ഒന്നാം സ്ഥാനം നേടി. ഏഴാം ക്ലാസിലെ ഉവൈസ് മസ്ഹര്‍ രണ്ടാം സ്ഥാനവും, എട്ടാം ക്ലാസിലെ ഷയാന്‍ അഹമ്മദ് മൂന്നാം സ്ഥാനവും നേടി.

അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി.ഇ.ഒ ലുഖ്മാന്‍ അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ഐടി വിദഗ്ധന്‍ മുഹമ്മദ് നൗഫല്‍ വിധിനിര്‍ണയത്തിന് നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ നൗഷാദ് നാലകത്ത്, ഐടി വിഭാഗം മേധാവി മുഹമ്മദ് റിഫാദ്, അധ്യാപകരായ ശബീബ ചെറുമലയില്‍, ഷഫീഖ്, ജുമൈല എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






