Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ ശൃംഖലയായ പ്രോകെയര്‍ ആശുപത്രിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ കിഴക്കന്‍ പ്രവിശ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അബ്ദുല്‍ റഹ്മാന്‍ സ്വാലിഹ് അല്‍ റജ്ഹി ആന്‍ഡ് പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലൂടെ സൗദിയിലെ ആസ്റ്ററിന്റെ ആകെ കിടക്കകളുടെ ശേഷി 500 ആയി ഉയര്‍ന്നു. സൗദി വിഷന്‍ 2030ന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രോകെയര്‍ ആശുപത്രി ആസ്റ്റര്‍ ജിസിസി ശൃംഖലയുടെ ഭാഗമാകുന്നത്.

ആസ്റ്ററിന്റെ നിക്ഷേപത്തോടെ പ്രോകെയര്‍ ആശുപത്രിയിലെ കിടക്കകളുടെ ശേഷി 100ല്‍ നിന്ന് 209 ആയി ഉയര്‍ത്തും. ഇതില്‍ 60 ക്രിട്ടിക്കല്‍ കെയര്‍ കിടക്കകളും 7 ഓപ്പറേഷന്‍ തിയറ്ററുകളും ഉള്‍പ്പെടും. ഫിലിപ്‌സുമായി സഹകരിച്ച് എഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന കാത്ത് ലാബ് സ്ഥാപിക്കുന്നതിനൊപ്പം കാര്‍ഡിയോളജി, ന്യൂറോളജി അടക്കമുള്ള പ്രത്യേക ചികിത്സാ വിഭാഗങ്ങളും ആധുനിക ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങളും ഇവിടെ ലഭ്യമാക്കും.

ഒരു പതിറ്റാണ്ടിലേറെയായി റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയിലൂടെ സൗദിയില്‍ മികച്ച സേവനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, പുതിയ പങ്കാളിത്തം രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ സുപ്രധാന നാഴികക്കല്ലാണെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രോകെയറിന്റെ ശക്തമായ ക്ലിനിക്കല്‍ അടിത്തറ പ്രയോജനപ്പെടുത്തി മികച്ച രോഗീ സൗഹൃദ പരിചരണം ഉറപ്പാക്കുമെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അലീഷ മൂപ്പന്‍ വ്യക്തമാക്കി. സുഹൈമി ഡിസൈന്‍, മെറ്റാ ബില്‍ഡ്, അമാഖ് എന്നീ കമ്പനികളുമായി സഹകരിച്ച് ആശുപത്രിയുടെ സമഗ്രമായ ആധുനികവല്‍ക്കരണ പദ്ധതികള്‍ ആരംഭിച്ചതായി സൗദി ആസ്റ്റര്‍ സിഇഒ മുഹമ്മദ് അല്‍ ഷമ്മാരി, തുര്‍ക്കി അല്‍ റജ്ഹി എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top