Sauditimesonline

7 alif school
സാങ്കേതിക മികവിന് വേദിയൊരുക്കി അലിഫ് സ്‌കൂള്‍ 'വെബ് ചാമ്പ്യന്‍ഷിപ്പ്'

സൈബര്‍ ഭീഷണികള്‍ക്കെതിരെ ആഗോള പ്രതിരോധം; യുഎന്‍ അന്താരാഷ്ട്ര കേന്ദ്രം റിയാദില്‍

റിയാദ്: ആഗോള ഡിജിറ്റല്‍ സുരക്ഷാ രംഗത്ത് നിര്‍ണായക ചുവടുവെപ്പുമായി ഐക്യരാഷ്ട്രസഭ റിയാദില്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ ഓഫീസ് തുറന്നു. യുഎന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ കീഴില്‍ ജപ്പാനിലെ ഹിരോഷിമയ്ക്കും ജര്‍മ്മനിയിലെ ബോണിനും ശേഷം സ്ഥാപിക്കുന്ന മൂന്നാമത്തെ ഓഫീസാണിത്. എന്നാല്‍, സൈബര്‍ സുരക്ഷയ്ക്ക് മാത്രമായി യുഎന്‍ ആരംഭിക്കുന്ന ആദ്യത്തെ പ്രത്യേക ആഗോള കേന്ദ്രമെന്ന ബഹുമതി റിയാദിന് സ്വന്തമാണ്. ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ഭീഷണികളെയും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും സംയുക്തമായി പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പരിശീലനം, ഗവേഷണം, നയരൂപീകരണം, സുരക്ഷാ വിവരങ്ങള്‍ പരസ്പരം പങ്കുവെക്കല്‍ എന്നിവയിലൂടെ ലോകരാജ്യങ്ങളുടെ സൈബര്‍ പ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കാനുള്ള പ്രധാന ആഗോള ഹബ്ബായി കേന്ദ്രം മാറും.

യുഎന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലും യുണിറ്റാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മിഷേല്‍ ഗൈല്‍സ് മക്‌ഡൊണോയാണ് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നത്തെ കാലത്ത് ഒരു രാജ്യത്തിനും ഒറ്റയ്ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും, വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ ഭീഷണികള്‍ നേരിടാന്‍ ശക്തമായ ആഗോള കൂട്ടായ്മ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈബര്‍ സുരക്ഷാ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ സഊദി അറേബ്യ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയൊരു അംഗീകാരം കൂടിയാണ് റിയാദിലെപുതിയ കേന്ദ്രം. സഊദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റിയുമായി സഹകരിച്ചായിരിക്കും യുഎന്‍ ഓഫീസ് പ്രവര്‍ത്തിക്കുക. കേവലം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ മാത്രമല്ല, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യശേഷി വളര്‍ത്തുന്നതിലും സ്ഥാപനങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ മികച്ച സൈബര്‍ പ്രതിരോധം സാധ്യമാകൂ എന്ന് സഊദി അധികൃതരും വ്യക്തമാക്കി.

റിയാദ് കേന്ദ്രീകരിച്ച് ‘ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി ഫോറം’ ഉള്‍പ്പെടെയുള്ള ആഗോള കൂട്ടായ്മകളുടെ തുടര്‍ച്ചയായാണ് പുതിയ യുഎന്‍ സംവിധാനവും വരുന്നത്. കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റല്‍ ലോകത്തെ മനുഷ്യശേഷി വര്‍ദ്ധിപ്പിക്കാനുമായി യുഎന്നുമായി ചേര്‍ന്ന് സഊദി അറേബ്യ നേരത്തെ തന്നെ ആഗോള പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നു. ഇതിനുപുറമെ അറബ് രാജ്യങ്ങള്‍ക്കിടയിലെ സൈബര്‍ പ്രതിരോധം ഏകോപിപ്പിക്കുന്നതിലും രാജ്യം നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. പുതിയ ഓഫീസിന്റെ വരവോടെ ആഗോള സൈബര്‍ സുരക്ഷാ ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും പ്രധാന കേന്ദ്രമായി സഊദി അറേബ്യ മാറും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top