നൗഫല്‍ പാലക്കാടന്‍

റിയാദ്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മലയാളികള്‍ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി പുറത്തിറങ്ങി. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് 19 വൈറസ് ബാധ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് വേണമെന്ന് കഴിഞ്ഞ ദിവസം സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ മാര്‍ച്ച് 8 പുലര്‍ച്ചെ കോഴിക്കോട് നിന്നു പുറപ്പെട്ട് ഉച്ചക്ക് 12ന് റിയാദിലെത്തിയ സൗദി എയര്‍ലൈന്‍സിന്റെ എസ് വി 893 നമ്പര്‍ വിമാനത്തിലെ യാത്രക്കാരോട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, യാത്ര ചെയ്ത രാജ്യങ്ങളെ സംബന്ധിച്ച് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ എപ്പോള്‍ മുതല്‍ പ്രാബല്യത്തിലാകും എന്ന കാര്യം വ്യക്തമല്ല. അതിനിടെ, ഈജിപ്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഓരോ രാജ്യത്തും കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി അവിടങ്ങളില്‍ നിന്നുളളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്. ഇതുസംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം വരുന്നതുവരെ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങ്യളില്‍ നിന്നുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് നിര്‍ദേശം. വര്‍ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് മെഡിക്കല്‍ പരിശോധന നടത്തുന്ന കേന്ദ്രങ്ങള്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ സൗദി എംബസി അംഗീകരിച്ച പരിശോധനാ കേന്ദ്രങ്ങളാണ് ഇവ. എന്നാല്‍ ഇത്തരം ലാബുകളില്‍ കൊവിഡ് 19 വൈറസ് ബാധ പരിശോധിക്കാനുളള സൗകര്യം നിലവിലില്ല. കോവിഡ് 19, സാര്‍സ് കൊറോണ 2 തുടങ്ങിയ വൈറസ് ബാധ പരിശോധിക്കുന്നത് പിസിആര്‍ (polymerase chain reaction) ടെസ്റ്റു വഴിയാണ്. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കൊളെജിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ മാത്രമാണ്. വിദേശയാത്രക്കാര്‍ക്ക് ഇവിടെ നിന്നു സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റ് എവിടെനിന്നു നേടും എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
പിസിആര്‍ ടെസ്റ്റിനെക്കാള്‍ വേഗം ശ്വാസകോശത്തിന്റെ സിടി സ്‌കാന്‍ വഴി കൊവിഡ് ബാധ കണ്ടെത്താമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏതുതരം പരിശോധനകളാണ് ആവശ്യമെന്നും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സ്ഥാപനം ഏതായിരിക്കണമെന്നും അവ്യക്തത തുടരുന്നത് റീ എന്‍ട്രിയില്‍ നാട്ടിലുളളവരെയാണ് ഏറെ ആശങ്കയിലാക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






