ഷാഫി തുവ്വൂര്‍

ദഹ്‌റാന്‍: കുട്ടികളുടെ വിദ്യാഭ്യാസത്തിലും സമഗ്രവളര്‍ച്ചയിലും പുതിയ ചരിത്രമെഴുതാന്‍ സൗദി അറേബ്യയില്‍ ആദ്യമായി ‘ചില്‍ഡ്രന്‍സ് ഹാക്കത്തോണ്‍’. ബാല്യകാലത്തെ കൗതുകവും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ കുട്ടികളുടെ ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അന്വേഷണത്തിനാണ് തുടക്കമായിരിക്കുന്നത്.


ദഹ്‌റാനിലെ അല്‍മുഹൈദിബ് ഡൗണ്‍ സിന്‍ഡ്രോം സെന്ററില്‍ ഇന്‍മാ ചൈല്‍ഡ്ഹുഡ് കെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് നാലുദിവസത്തെ പരിപാടി അരങ്ങേറുന്നത്. കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ നായിഫിന്റെ പിന്തുണയോടെയാണ് ഹാക്കത്തോണ്‍.മത്സരത്തിനായി രജിസ്റ്റര്‍ ചെയ്ത 761 ടീമുകളുടെ കടുത്ത മത്സരങ്ങളില്‍ നിന്ന് വിവിധ ഘട്ടങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുത്ത ഏറ്റവും മികച്ച 16 ടീമുകളാണ് പങ്കെടുക്കുന്നത്.

കുട്ടികളെ കേവലം പാഠപുസ്തകങ്ങളിലെ ചട്ടക്കൂടുകളില്‍ ഒതുക്കാതെ, അന്വേഷണങ്ങളിലൂടെയും സ്വന്തം അനുഭവങ്ങളിലൂടെയും അറിവ് നേടാന്‍ പ്രാപ്തരാക്കുന്ന നൂതന ആശയങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് നാലുമുതല്‍ ആറുവയസ്സുവരെയുള്ള കൊച്ചുകുട്ടികള്‍ക്ക് ബഹിരാകാശയാത്രയുടെ പുത്തന്‍ അനുഭവം പകരുന്ന പഠനപദ്ധതി. പ്രൊഫ. സുഹ മന്‍സൂറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അവതരിപ്പിച്ച ഈ പദ്ധതി കൊച്ചുകുട്ടികളില്‍ ശാസ്ത്രാഭിരുചിയും സങ്കീര്‍ണ്ണമായ പ്രശ്‌നപരിഹാരശേഷിയും വളര്‍ത്താന്‍ സഹായിക്കും.
കൊച്ചു പ്രതിഭകളുടെ സര്‍ഗാത്മക ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 60,000 സൗദി റിയാലാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 30,000 റിയാല്‍ സമ്മാനിക്കും. മത്സരത്തില്‍ തിളങ്ങുന്ന മികച്ച മൂന്ന് ടീമുകള്‍ക്ക് അവരുടെ ആശയങ്ങളെ കേവലം മാതൃകകളായി ഒതുക്കാതെ, പൂര്‍ണ്ണതോതിലുള്ള പ്രായോഗിക പദ്ധതികളാക്കി വികസിപ്പിച്ചെടുക്കാനുള്ള സവിശേഷ പിന്തുണയും വാഗ്ദാന്‍ ചെയ്യുന്നുണ്ട്. നവംബര്‍ 11ന് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറും.
ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആധുനിക സാങ്കേതികവിദ്യയും കൈകോര്‍ക്കുമ്പോള്‍ ബാല്യകാല പഠനരീതികളില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന ശക്തമായ സന്ദേശമാണ് സംരംഭം ലോകത്തിന് മുന്നില്‍ വെക്കുന്നത്. കുട്ടികളുടെ സ്വാഭാവികമായ കൗതുകത്തെ സ്‌നേഹത്തോടെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പുതിയ കണ്ടെത്തലുകള്‍ക്ക് വിശാലമായ അവസരമൊരുക്കുകയും ചെയ്യുന്നതിലൂടെ നാളെയുടെ മികച്ച ശാസ്ത്രജ്ഞരെയും പ്രഗത്ഭരായ ഗവേഷകരെയും മിടുക്കരായ നവസംരംഭകരെയും വാര്‍ത്തെടുക്കാനാകുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ പങ്കുവെക്കുന്നത്.
നാളെയുടെ ലോകം കാത്തിരിക്കുന്ന വലിയ കണ്ടെത്തലുകള്‍ക്ക് തുടക്കമാകുന്നത് ഒരുപക്ഷേ ഇന്നത്തെ ഈ കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കമായ ചെറിയ ചോദ്യങ്ങളില്‍ നിന്നായിരിക്കാം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






