
തിരുവനന്തപുരം: നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. മടിങ്ങിയ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ആവിഷ്‌കരിക്കണമെന്നു പ്രവാസി ലീഗല്‍ സെല്‍ 2025 സെപ്തംബറില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച കോടതി ആവശ്യമായ ഉത്തരവ് എത്രയും വേഗം പുറപ്പെടുവിക്കാന്‍ നോര്‍ക്ക റൂട്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നോര്‍ക്ക റൂട്‌സ് സി ഇ ഓ അജിത് കൊളശ്ശേരിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 21ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒയുടെ അധ്യക്ഷതയില്‍ ഹീയറിങ് നടന്നു. പ്രവാസി ലീഗല്‍ സെല്‍ വിശദമായ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പ്രത്യേകം റിസ്‌ക് പൂള്‍ രൂപീകരിക്കാമെന്ന നിര്‍ദ്ദേശം സി.ഇ.ഒ തത്വത്തില്‍ അംഗീകരിക്കുകയും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഹീയറിങ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നോര്‍ക്ക റൂട്‌സ് അന്തിമ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയ പ്രവാസികള്‍ ഇപ്പോഴും നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കു പുറത്താണ്.

കോടതിയെ സമീപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നത്.

നോര്‍ക്ക കെയര്‍ പദ്ധതി അംഗങ്ങള്‍ അടക്കുന്ന പ്രീമിയം മുഖേന പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയായതിനാല്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല. അതിനാല്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്തുന്നതില്‍ ഭരണപരമായോ സാമ്പത്തികമായോ തടസ്സമുണ്ടാകില്ല. ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികളുമായി നോര്‍ക്ക റൂട്‌സ് ധാരണ ഉണ്ടാക്കണമെന്നാണ് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






