Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ചത്തീസ്ഗഡില്‍ അരങ്ങേറിയത് ജനാധിപത്യ ധ്വംസനം: ദമ്മാം ഒഐസിസി

ദമ്മാം: ഛത്തീസ്ഗഡില്‍ കള്ളക്കേസില്‍ കുടുക്കി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ ഈസ്‌റ്റേണ്‍ പ്രോവിന്‍സ് ഒഐസിസി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബദര്‍ അല്‍റാബി ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളില്‍ പ്രതിഷേധം ഇരമ്പി. പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് വില്‍സന്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

ആര്‍എസ്എസ് പ്രവര്‍ത്തനം നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഇന്ത്യ ഒരു തീവ്ര മതരാഷ്ട്രമാക്കുവാന്‍ വേണ്ടിയുള്ള ഫാസിസ്റ്റ് അജണ്ടയാണ് ഛത്തീസ്ഗഡില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതെന്ന് ബിജു കല്ലുമല്ല കുറ്റപ്പെടുത്തി. ക്രിസ്ത്യന്‍ മിഷണറിമാര്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയിലും ആതുരസേവന രംഗത്തും ചെയ്തു കൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥ സേവനങ്ങളെ വക്രീകരിച്ചു അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് പ്രതിലോമ ശക്തികള്‍ നാട്ടിലുടനീളം നടത്തുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത് വര്‍ഗീയ ശക്തികള്‍ക്കെതിരെയും മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.

ജാമ്യം ലഭിച്ചെങ്കിലും നിരപരാധികളായ കന്യാസ്ത്രീകള്‍ക്ക് എതിരായി ചുമത്തിയ കേസും കുറ്റപത്രവും പിന്‍വലിച്ചിട്ടില്ല. കര്‍ശനമായ നിബന്ധനകളോടെയാണ് ജാമ്യം. ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം. ബജ്‌റംഗ്ദള്‍ അടക്കമുള്ള വര്‍ഗ്ഗീയ സംഘടനകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരുകയാണ്. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങളാണ് രാജ്യത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നത്. മണിപ്പൂരിലും ഉത്തരേന്ത്യയുടെ പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അക്രമണങ്ങള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ്.

കന്യാസ്ത്രീകളെ കള്ളക്കേസുകള്‍ ചുമത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജയിലിലടച്ചതെന്നാണ് കോണ്‍ഗ്രസ്സ് തുടക്കം മുതല്‍ ഉയര്‍ത്തുന്നത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, കെ.സി വേണുഗോപാലും തുടങ്ങി കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ നേതാക്കളും പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ തുറന്ന് കാട്ടുന്നുണ്ട്. ജയിലില്‍ കഴിഞ്ഞ സഹോദരിമാരെ മോചിപ്പിക്കുന്നതിനു എംപി മാരേയും എംഎല്‍എ മാരേയും നേരിട്ടയച്ചും കലവറയില്ലാത്ത പിന്തുണ കോണ്‍ഗ്രസ്സ് നല്‍കിയിട്ടുണ്ടെ ബിജു കല്ലുമല പറഞ്ഞു

ഈസ്‌റ്റേണ്‍ പ്രോവിന്‍സ് ഓഡിറ്റര്‍ ബിനു പി ബേബി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഒഐസിസി ഗ്ലോബല്‍ മുന്‍ ഉപാധ്യക്ഷന്‍ സി അബ്ദുല്‍ ഹമീദ്, നാഷണല്‍ സെക്രട്ടറി നസീര്‍ തുണ്ടില്‍, ഈസ്‌റ്റേണ്‍ പ്രോവിന്‍സ് വൈസ് പ്രസിഡന്റ് ഷിജില ഹമീദ്, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഒഐസിസി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഫാസിസ്റ്റ് സര്‍ക്കാറിന്റെ ഭരണഘടനാ വിരുദ്ധതയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ചു. ഷംസ് കൊല്ലം, നൗഷാദ് തഴവ, ജേക്കബ്ബ് പാറയ്ക്കന്‍, അന്‍വര്‍ വണ്ടൂര്‍, നിഷാദ് കുഞ്ചു, മനോജ് കെ.പി, യഹിയ കോയ, തോമസ് തൈപ്പറമ്പില്‍, ഗഫൂര്‍ വണ്ടൂര്‍, ശ്യാം പ്രകാശ്, അന്‍വര്‍ സാദിഖ്, സുരേഷ് റാവുത്തര്‍, ആനിപോള്‍, സുരേന്ദ്രന്‍ പയ്യന്നൂര്‍, റോയ് വര്‍ഗീസ്, ഷാജിദ് കാക്കൂര്‍, ജോജി ജോസഫ്, ഹമീദ് മരക്കാശ്ശേരി, ജലീല്‍ പള്ളാതുരുത്തി, ഇബ്രാഹിം സാബു, മുരളീധരന്‍, ഷിബു ശ്രീധരന്‍, സലീന ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top