
റിയാദ്: രുചിക്കൂട്ടുകളുടെ മഹാമേളക്കൊരുങ്ങി സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. 25 രാഷ്ട്രങ്ങളിലെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, സെലിബ്രിറ്റി ഷെഫുമാര്‍ പങ്കെടുക്കുന്ന ലൈവ് കുക്കറി ഷോകള്‍ എന്നിവ അരങ്ങേറുമെന്നും ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രുചി വൈവിധ്യം മാറ്റുരക്കുന്ന ലോക ഭക്ഷ്യമേള രണ്ടാഴ്ച നീണ്ടുനില്‍ക്കും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 10 വരെ സൗദിയിലെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ പരിപാടികള്‍ അരങ്ങേറും. അറബ് ലോകത്തെ പാചക വിദഗ്ദന്‍ ശെര്‍ബിനി, സൗദി സോഷ്യല്‍ മീഡിയയില്‍ താരമായ ഹെഷാം ബയെഷം, ബോളിവുഡില്‍ നിന്നുളള ഷെഫും എന്റര്‍ടൈനറുമായ ഹരിപാല്‍ സിംഗ് സൊഖി എന്നിവര്‍ രസക്കൂട്ടുകളിലെ മാന്ത്രിക വിദ്യകള്‍ ഉപഭോക്താക്കളുമായി പങ്കുവെക്കും. പത്തുവര്‍ഷമായി ഭക്ഷ്യമേള നടക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ഏറ്റവും വലിയ മേളക്കാണ് ഒരുങ്ങുന്നതെന്ന് ലുലു സൗദി ഡറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു.
കുടുംബങ്ങള്‍ക്കായി ഈ മാസം 28ന് വൈകുന്നേരം 7ന് റിയാദ് അതിയാഫ് മാളില്‍ ലൈവ് പാചക മത്സരം നടക്കും. കുക് വിത് മം, ബേക് ചലഞ്ച് തുടങ്ങി 12 തീമുകളില്‍ നൂറിലധികം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. അറബിക് വിഭവങ്ങള്‍, ഇന്ത്യന്‍ രുചിക്കൂട്ടുകള്‍, മലബാര്‍ വിഭവങ്ങള്‍ എന്നിവക്ക് പുറമെ വിവിധ രാജ്യങ്ങളുടെ പാരമ്പര്യ വിഭവങ്ങളും ഭക്ഷമേളയില്‍ ഒരുക്കും. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഓഫറും ഭക്ഷ്യമേളയോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രോളികളില്‍ സാധനവുമായി കാഷ് കൗണ്ടറിലെത്തുന്ന 1500 ഉപഭോക്താക്കള്‍ക്ക് പര്‍ചേസ് ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും സൗജന്യമായി നേടാന്‍ കഴിയുന്ന സമ്മാന പദ്ധതിയും പ്രൊമോഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






