Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

ഐ എം എ ടെലി മെഡിസിന്‍ പദ്ധതിക്ക് വന്‍ സ്വീകാര്യത; 48 മണിക്കൂറിനിടെ 1500 ലേറെ ടെലിഫോണ്‍ കാളുകള്‍

നൗഫല്‍ പാലക്കാടന്‍.

റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) റിയാദ് ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന സൗജന്യ ടെലി മെഡിസിന്‍ പദ്ധതിക്ക് വന്‍ സ്വീകാര്യത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ നിലവിലുള്ളസാഹചര്യത്തില്‍ ചികിത്സക്കു പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായമാണ് പദ്ധതി. റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടിയന്തിര വിര്‍ച്ച്വല്‍ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പടെ പതിനേഴ് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുളളത്. ഇവരുടെ നമ്പര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നാല്‍പത്തി എട്ട് മണിക്കൂറിനിടെ സൗദിയുടെ വിവിധ കോണുകളില്‍ നിന്നായി 1500 ലേറെ കാളുകളെത്തി. കാലാവസ്ഥ മാറ്റത്തിന്റെ സമയമായതിനാല്‍ അലര്‍ജി സംബന്ധമായ വിഷയങ്ങളാണ് കൂടുതലും വരുന്നതെന്ന് ഐ എം എ ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങളും കാലാവസ്ഥ വ്യതിയാന രോഗ ലക്ഷണവും സാമ്യമുള്ളതിനാല്‍ പലരും ഭയപ്പാടിലാണ് വിളിക്കുന്നത്.

വിവിരങ്ങള്‍ കൃത്യമായി കേട്ട് മനസ്സിലാക്കി അത്യാവശ്യത്തിനുള്ള മരുന്നുകള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. രോഗിയുടെ വിശദാംശം ശേഖരിച്ച ഗൗരവമുളളവ റെഡ് ക്രസന്റിന്റെ അനുമതി വാങ്ങി ആശുപത്രിയില്‍ പോകാനും നിര്‍ദേശിക്കുന്നുണ്ട്. പതിവ് പരിശോധനക്ക് എത്താന്‍ കഴിയാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ളവര്‍ അടിയന്തിര ഘട്ടത്തില്‍ ഗൈനക്കോളജിസ്റ്റുമാരായ ഡോ.റീന സുരേഷ്, ഡോ.ഷേര്‍ളി എന്നിവരുമായി ബന്ധപ്പെടുന്നുണ്ട്. കുട്ടികളുടെ ഡോക്ടര്‍മാരായ ഡോ.സുരേഷ്, ഡോ തമ്പി എന്നിവര്‍ ഇതിനകം 250 ലേറെ കേളുകള്‍ സ്വീകരിച്ച് ഉപദേശവും മരുന്നിനുളള നിര്‍ദേശവും നല്‍കി. റിയാദിലെ സീനിയര്‍ ഡോക്ടര്മാരായ ഡോ.സെബാസ്റ്റിയന്‍, ഡോ.ഭരതന്‍, ഡോ.തോമസ്, ഡോ.രാജശേഖര്‍, ഡോ.ജോഷി, ഡോ.ജോസ് ആന്റോ, ഡോ.സജിത്ത്, ഡോ.ഗോപേഷ്, ഡോ.സഫീര്‍, ഡോ.റെജികുര്യന്‍, ഡോ.സിജി ഗംഗാധരന്‍, ഡോ.അനില്‍കുമാര്‍ നായിക് എന്നിവരാണ് ഐ എം എ ടെലി മെഡിസിന്‍ ടീമിലുളളത്. അത്യാവശ്യ കാര്യങ്ങള്‍കല്ലാതെ ഡോക്ടര്‍മാരെ വിളിക്കരുതെന്നും അങ്ങിനെ സംഭവിക്കുമ്പോള്‍ ആവശ്യക്കാരന് ചികിത്സയും ഉപദേശവും നിഷേധിക്കപ്പെടുമെന്നും ഐ എം എ പ്രസിഡന്റ് ഡോ. ഹാഷിം അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top