Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

എക്‌സ്‌പോ കാണാം; പ്രവാസികള്‍ ദുബായ് വഴി സൗദിയിലേക്ക്

റിയാദ്: ഇന്ത്യാ-സൗദി നേരിട്ട് വിമാന സര്‍വീസ് പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ യുഎഇ വഴി യാത്ര തുടരുന്നു. ഒരിടവേളക്ക് ശേഷം ആയിരക്കണക്കിന് മലയാളികളാണ് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കഴിയുന്നത്. ക്വാറന്റൈന്‍ പാക്കേജിന് പകരം സ്വന്തമായി യുഎഇയിലെത്തിയവരാണ് ഏറെയും. ആറായിരം മുതല്‍ 7500 റിയാല്‍ വരെയാണ് യുഎഇ വിസിറ്റ് വിസ നേടാന്‍ ആവശ്യമുളളത്. 20,000 മുതല്‍ 25000 രൂപ വരെ കേരളത്തില്‍ നിന്ന് യുഎഇയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ടിക്കറ്റും ലഭ്യമാണ്. യുഎഇയിലെത്തിയ മലയാളികളിലേറെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് കഴിയുന്നത്. ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭ്യമായ ഹോട്ടലുകളില്‍ കഴിയുന്നവരും ധാരാളമുണ്ട്. ദുബായ് എക്‌പോ തുടങ്ങിയതോടെ സൗദിയിലേക്കുളള പല യാത്രക്കാരും യുഎഇ വഴിയുളള യാത്രക്ക് മുന്‍ഗണന നല്‍കുകയാണ്. 95 ദിര്‍ഹം മാത്രമാണ് എക്‌സ്‌പോ സന്ദര്‍ശിക്കുന്നതിനുളള പ്രവേശന ഫീസ്.

സാധാരണക്കാരായ സൗദി പ്രവാസികള്‍ യുഎഇയില്‍ നിന്ന് ബസ്മാര്‍ഗമാണ് സൗദിയിലേക്ക് പുറപ്പെടുന്നത്. 400 മുതല്‍ 500 റിയാല്‍ വരെയാണ് ടിക്കറ്റ് നരക്ക്. നേരത്തെ സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി-സാപ്ത്‌കോ വോള്‍വോ ലക്ഷ്വറി ബസ് സര്‍വീസ് സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. 150 സൗദി റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ബസ് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട ബസ് അഗ്‌നിക്കിരയായി. യാത്രക്കാരില്‍ ഏറെയും മലയാളികളള്‍. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ സംഭവം ഒഴിച്ചാല്‍ പൊതുവേ യുഎഇ-സൗദി റോഡ് മാര്‍ഗമുളള യാത്ര സുരക്ഷിതമാണ്. അതുകൊണ്ടുതന്നെ ഈ മാസം ഇന്ത്യ-സൗദി നേരിട്ടുളള വിമാന സര്‍വീസ് പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ യുഎഇ വഴി സൗദിയിലേക്ക് യാത്ര തിരിക്കാനുളള തയ്യാറെടുപ്പിലാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top