അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ അവാര്‍ഡ് നേടിയവര്‍ക്ക് കിരീടാവകാശിയുടെ സ്വീകരണം

റിയാദ്: അന്താരാഷ്ട്ര ശാസ്ത്ര, സാങ്കേതിക മേളയില്‍ അവാര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരണം നല്‍കി. സമൃദ്ധമായ ഭാവി ഉറപ്പുനല്‍കുന്ന നേട്ടമാണ് വിദ്യാര്‍ഥികള്‍ കൈവരിച്ചതെന്ന് കിരീടാവകാശി പറഞ്ഞു.

അന്താരാഷ്ട്ര മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച ആണ്‍കുട്ടികളും പെണ്‍കുട്ടികളും രാജ്യത്തെ പൗരന്മാരെ പ്രചോദിപ്പിക്കുന്ന അത്ഭുത നേട്ടമാണ് കൈവരിച്ചതെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണിത്. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് മേളയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെന്നും കിരീടാവകാശി പറഞ്ഞു.

അമേരിക്കയിലെ ജോര്‍ജിയ അറ്റ്‌ലാന്റയില്‍ നടന്ന അന്താരാഷ്ട്ര ശാസ്ത്ര, സാങ്കേതിക മേളയില്‍ 80 രാജ്യങ്ങളിലെ കോളെജ് വിദ്യാര്‍ഥികളുമായി മത്സരിച്ചാണ് സൗദി വിദ്യാര്‍ഥികള്‍ നേട്ടം കൈവരിച്ചത്.

ശാസ്ത്ര ഗവേഷണം, നൂതന ആശയം എന്നിവ അടിസ്ഥാനമാക്കിയാണ് മേള അരങ്ങേറിയത്. ലോകത്തെ ഏറ്റവും മികച്ച പ്രോജക്ടിനുള്ള അവാര്‍ഡിന് പുറമെ 16 ഗ്രാന്‍ഡ് അവാര്‍ഡുകളും ആറ് പ്രത്യേക അവാര്‍ഡുകളും ഉള്‍പ്പെടെ 22 അന്താരാഷ്ട്ര അവാര്‍ഡുകളാണ് സൗദി ടീം നേടിയത്.

ഹൈഡ്രജന്റെ ഉല്‍പ്പാദനം, സംഭരണം എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ അബ്ദുല്ല അല്‍ഗംദിയുടെ പ്രോജക്റ്റ് ഊര്‍ജ്ജ വിഭാഗത്തില്‍ രണ്ട് അവാര്‍ഡുകള്‍ നേടി, ‘മികച്ച ഗവേഷണ ശാസ്ത്രജ്ഞനുള്ള’ അവാര്‍ഡും നേടിയിരുന്നു. 65 രാജ്യങ്ങളില്‍ നിന്നായി 1,700 വിദ്യാര്‍ത്ഥികളുമായി മത്സരിച്ചാണ് അബ്ദുല്ല അല്‍ ഗാംദി നേട്ടം കൈവരിച്ചത്.

Leave a Reply