
നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് പ്രവാസ ലോകം. കഴിഞ്ഞ 45 ദിവസത്തിനിടെ ആദ്യമായി ഡ്രോണ്‍, മിസൈല്‍ ഭീഷണിയില്ലാതെ ജിസിസി രാഷ്ട്രങ്ങള്‍ 24 മണിക്കൂര്‍ പിന്നിട്ടു. എന്നാല്‍ നിലവിലെ വെടിനിര്‍ത്തല്‍ എത്രമാത്രം സുസ്ഥിരമായി നിലനില്‍നല്‍ക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
ഇറാനും അമേരിക്കയും നാളെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ചര്‍ച്ച നടത്തും. ഡൊണാള്‍ഡ് ട്രംപിന്റെ ജാമാതാവ് ജാരദ് കുഷ്‌നര്‍, സ്‌പെഷ്യല്‍ എന്‍വോയ് വിറ്റ്‌കോഫ്, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. ചര്‍ച്ചയെ ഗൗരവത്തോടെയാണ് കാണുന്നതെന്നതിന്റെ തെളിവാണ് ജെ.ഡി വാന്‍സിന്റെസാന്നിധ്യം.

ഇറാന്‍ മുന്നോട്ട്‌വെച്ച 10 ആവശ്യങ്ങളില്‍ പ്രധാനമാണ് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവും യുറേനിയം സമ്പുഷ്ടീകരണവും. മാത്രമല്ല ഇറാനുമേല്‍ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങള്‍ നീക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പലതും അമേരിക്ക പൂര്‍ണ്ണമായും യോജിക്കുന്നില്ല എന്നത് പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാക്കും.
അതിനിടെ, യുഎഇ വിദേശകാര്യ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് നിലപാട് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ പൂര്‍ണ്ണമായും ഏറ്റെടുക്കണമെന്നും നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും യുഎഇ വ്യക്തമാക്കി. സഊദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി സമാധാനത്തിന് നയതന്ത്ര തലത്തില്‍ ശ്രമം നടത്തിയതും ആശ്വാസമാണ്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടയിലും ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും 120തിലധികം വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ ലബനനില്‍ നടത്തിയത്. ഇതില്‍ 250തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അതാനിടെ, ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന്റെ അടുത്ത സഹായി അലി യൂസഫ് ഹാഷിമിനെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. അതേസമയം, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ല ലബനന്‍ എന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലപാട് ഇറാന്‍ അംഗീകരിച്ചിട്ടില്ല.

വെടിനിര്‍ത്തലിന് ശേഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ഇറാന്‍ പട്ടാളം (ഐആര്‍ജിസി) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലിടുക്കിലെ കപ്പല്‍ ചാലുകളില്‍ മൈനുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും കപ്പലുകള്‍ ഐആര്‍ജിസിയുമായി ഏകോപനം നടത്തണമെന്നുമാണ് നിര്‍ദ്ദേശം.
നാളെ ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ പശ്ചിമേഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാനമാണ്. വെടിനിര്‍ത്തല്‍ സുസ്ഥിരമാകണമെങ്കില്‍ ഇസ്രായേലും ഇറാനും ലബനന്‍ ഉള്‍പ്പെടെയുളള തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണേണ്ടിവരും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






