റിയാദ്: ഇന്ത്യയെ തിരിച്ചു പിടിക്കുക എന്ന പോരാട്ടത്തില്‍ പ്രവാസികള്‍ക്കും സുപ്രധാന പങ്കുണ്ടെന്ന് ലോക കേരള സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്. രാജ്യത്തുണ്ടാകുന്ന ഏതൊരു മാറ്റത്തെയും സൂക്ഷ്മതയോടെ വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. രാജ്യം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ പ്രവാസികള്‍ ഒന്നടങ്കം അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേളി സംഘടിപ്പിച്ച ഇഎംഎസ് എകെജി അനുസ്മരണ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
രാജ്യം മറ്റൊരു പൊതു തെരെഞ്ഞെടുപ്പിനു തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തിലാണ് ഇഎംഎസ്, എകെജി ദിനാചരണം. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യം കശാപ്പുചെയ്യുന്ന, മതേതരത്വം തകര്‍ക്കുന്ന, ജനവിരുദ്ധ നയങ്ങള്‍ രാജ്യത്തെ വലിയ ദുരന്തങ്ങളിലേക്കു നയിക്കും. സര്‍ക്കാര്‍ ഒത്താശയോടെ നടമാടുന്ന വിധ്വംസക, മുതലാളിത്ത സമീപനം ഹൃദയ ശൂന്യമായ ചൂഷണമാണ്. അതുകൊണ്ടുതന്നെ പതിനെട്ടാം ലോകസഭാ തെരെഞ്ഞെടുപ്പില്‍ മാനവികതയുടെ പ്രതിരോധമുയര്‍ത്താന്‍ മഹാന്മാരുടെ പാതകള്‍ പ്രചോദനം പകരുമെന്ന് അനുസ്മരണം വ്യക്തമാക്കി.
സാധാരണക്കാരുടെയും, തൊഴിലാളികളുടെയും, കര്‍ഷകരുടേയുമെല്ലാം, ജീവിതം ദുരിതത്തിലാക്കുന്ന കേന്ദ്ര ഭരണം പിഴുതെറിഞ്ഞ് ജനാധിപത്യവും, ബഹുസ്വരതയും, സമത്വവും, തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുകയാകണം ഈ തിരഞ്ഞെടുപ്പില്‍ ഓരോ രാജ്യസ്‌നേഹിയുടെയും കടമ. വില കൊടുത്തു വാങ്ങാനാവാത്ത രാജ്യതാല്പര്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ജനപ്രതിനിധികളാകണം തിരഞ്ഞെടുക്കപ്പെടുന്നവരെന്നും അനുസ്മരണ പ്രമേയത്തില്‍ പറഞ്ഞു.
രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി, കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സുനില്‍ കുമാര്‍, ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.