Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

നഷ്ടമായത് മധ്യകേരളത്തിലെ കരുത്തുറ്റ മുഖം: കെഎംസിസി

റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തില്‍ സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു. പൊതുപ്രവര്‍ത്തനത്തില്‍ സംശുദ്ധിയും തികഞ്ഞ ഉത്തരവാദിത്വ ബോധവും പുലര്‍ത്തിയ വി കെ ജനകീയനായി വളര്‍ന്നുവന്ന സാമൂഹിക പ്രവര്‍ത്തകനാണ്. മധ്യകേരളത്തിലെ രാഷ്ട്രീയ ചക്രവാളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖമായി മാറിയ സമാനതകളില്ലാത്ത നേതാവായിരുന്നു.
സംഘടനാ പാടവം കൊണ്ട് പാര്‍ട്ടി പടവുകള്‍ ഓരോന്നായി കയറി. മധ്യകേരളത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമാണ്. മികച്ചൊരു ജനപ്രതിനിധി എങ്ങനെയുണ്ടാകണമെന്ന് പ്രവര്‍ത്തിച്ചു കാണിച്ചു. മന്ത്രി പദവി ഏറ്റെടുത്തപ്പോള്‍ നടപ്പിലാക്കിയ വികസന വിപ്ലവങ്ങള്‍ ഇന്നും കേരളത്തിന് വിസ്മയമാണ്.

പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലയളവില്‍ ‘400 ദിവസം 100 പാലങ്ങള്‍’ എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് തെളിവാണ്. ആരോപണങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും ആര്‍ജ്ജവത്തോടെ നേരിടേണ്ടി വന്നപ്പോഴും ആത്മസംയമനം കൈവിടാതെ, തികഞ്ഞ സൗമ്യതയോടെ എല്ലാവരോടും ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ ശൈലി പ്രശംസനീയമായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരു നേതാവിനെയാണ് കേരളത്തിന് നഷ്ടമായത്.

മുസ്ലിം ലീഗ് പാര്‍ട്ടിക്കും വിവിധ മതസാമൂഹിക സംഘടനകള്‍ക്കും എന്നും തണലായി നിന്ന അദ്ദേഹം, മധ്യകേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചാണ് വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രയാസമനുഭവിക്കുന്ന കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ സൗദി കെ.എം.സി.സി. പങ്കുചേരുന്നു. സൗദി കെ.എം.സി.സിയുടെ വിവിധ ഭാഗങ്ങളിലുള്ള കെ.എം.സി.സി. ഘടകങ്ങള്‍ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കാരവും, പ്രാര്‍ത്ഥനാ സദസും സംഘടിപ്പിക്കണമെന്നും നാഷണല്‍ കമ്മിറ്റി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top