
റിയാദ്: കെഎംസിസി സൂപ്പര്‍ കപ്പ് കലാശപോരാട്ടം സെപ്തംബര്‍ 5ന് അരങ്ങേറും. വൈകുന്നേരം 6ന് ദിറാബ് ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടു മാസമായി തുടരുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. യൂത്ത് ഇന്ത്യ സോക്കറും ബ്ലാക് ആന്റ് വൈറ്റും ഫൈനലില്‍ ഏറ്റുമുട്ടും. ജില്ലാ മത്സരത്തില്‍ കോഴിക്കോട് പാലക്കാടിനെ നേരിടും. വീറും വാശിയും നിറഞ്ഞ രണ്ട് ടൂര്‍ണമെന്റുകളോടെയാണ് മത്സരത്തിന് സമാപനം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ ഫസ്റ്റ് ഡിവിഷനിലെ എട്ട്
ക്ലബ്ബുകള്‍, കെഎംസിസിയുടെ എട്ട് ജില്ലാ കമ്മിറ്റി ടീമുകളുമാണ് ടൂര്‍ണമെന്റിന്റെ ഭാഗമായത്.

ഇന്ത്യന്‍ ദേശീയ താരങ്ങള്‍ ഉള്‍പ്പടെ ഐ ലീഗ്, സന്തോഷ് ട്രോഫി തുടങ്ങി വിവിധ കഌബ്ബുകള്‍ക്ക് ജഴ്‌സിയണിഞ്ഞ രണ്ട് ഡസനിലധികം താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞത്. ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി കളിക്കാര്‍ ഉള്‍പ്പടെ നാനൂറിലധികം കളിക്കാരും രണ്ട് മാസം നീണ്ടുന്ന ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങി.

സംഘാടനം കൊണ്ടും ജനബാഹുല്യം കൊണ്ടും സൗദി തലസ്ഥാന നഗരം കണ്ട ഏറ്റവും മികച്ച ടൂര്‍ണമെന്റിനാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വം നല്‍കിയത്. ഫൈനല്‍ മത്സരത്തില്‍ സംബന്ധിക്കുവാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, രാജ്യസഭാ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന്‍ എംപി, ചന്ദ്രിക പത്രാധിപരും ഇന്റര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ കമാല്‍ വരദൂര്‍, ദുബൈ കെഎംസിസി പ്രസിഡന്റും ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടറുമായ ഡോ. അന്‍വര്‍ അമീന്‍, അല്‍ റയാന്‍ പോളിക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ വി പി മുഹമ്മദ് അലി, ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. പി. ബാബു, കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ കാദര്‍ ചെങ്കള എന്നിവര്‍ക്കു പുറമെ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക ബിസിനസ്സ് രംഗത്തെ പ്രമുഖരും സംബന്ധിക്കും.

വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഉള്‍പ്പടെ കലാശപ്പോരാട്ടം സാംസ്‌കാരികോത്സവമാക്കാനുളള ഒരുക്കത്തിലാണ് സംഘാടകര്‍. ശീതീകരിച്ച പവലിയന്‍ ഉള്‍പ്പടെ ആയിരങ്ങള്‍ക്ക് കളികാണുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജനറല്‍ കണ്‍വീനര്‍ ശുഐബ് പനങ്ങാങ്ങര, ചീഫ് കോ ഓഡിനേറ്റര്‍ മുജീബ് ഉപ്പട, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു എന്നിവര്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






