നൗഫല്‍ പാലക്കാടന്‍.

റിയാദ്: ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം രാജ്യം കരുതല്‍ ആരംഭിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും രോഗ ലക്ഷങ്ങളുണ്ടെങ്കില്‍ വിളിച്ചറിയിക്കാനും 937 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൗണ്‍സലിംഗ് തുടങ്ങി. മാര്‍ച്ച് ആദ്യവാരം ഇറാനില്‍ നിന്നു ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശിക്ക് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതതോടെ പഴുതുകള്‍ അടച്ചു തുടങ്ങി. ആദ്യം കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളില്‍ നിന്നു നയതന്ത്ര പ്രതിനിധികള്‍ക്കും തൊഴില്‍ വിസയില്‍ അവധിക്ക് പോയവര്‍ക്കും മാത്രം പ്രവേശനം പരിമിതപ്പെടുത്തി. ഉംറ ഉള്‍പ്പടെ നിര്‍ത്തി വെച്ചു മക്കയില്‍ ശക്തമായ പ്രതോരോധ പ്രവര്‍ത്തനങ്ങള്‍. ആവശ്യമായ കരുതലെടുത്ത ശേഷം ഉംറ നിര്‍വഹണത്തിന് അനുമതി നല്‍കി. തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും തെര്‍മല്‍ സ്‌കാനുകളും ആരോഗ്യ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. ഇതിന് പുറമെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവന്‍ യാത്രക്കാരെയും പരിശോധിക്കാന്‍ വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തെ വിന്യസിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നു പൗരന്മാരോട് തിരിച്ചെത്താന്‍ മുന്നറിയിപ്പ് നല്‍കി. അതിനായി 72 മണിക്കൂര്‍ സമയം അനുവദിച്ചു.
വിദേശ രാജ്യങ്ങളിലെ സൗദി എംബസികളുമായി ബന്ധപ്പെട്ട് അവിടെ കഴിയുന്ന സൗദി പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്താനും വരാന്‍ ആഗ്രഹിക്കുന്നവരോട് മൂന്ന് ദിവസത്തിനകം മടങ്ങിയെത്താനും സന്ദേശം. ശേഷം രാജ്യത്തേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. പടി പടിയായി കരുതല്‍ നടപടികള്‍ കടുപ്പിച്ചു. സൗദിയിലെ പൊതു ഗതാഗത സംവിധാനമായ ടാക്‌സി, ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിരത്തിലിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. അപ്പോഴും സ്വകാര്യ വാഹനങ്ങള്‍ വിലക്കിയില്ല. പള്ളികളില്‍ കൂട്ടം കൂടിയുള്ള (ജമാഅത്ത്) നമസ്‌കരവും ജുമുഅയും നിശ്ചിത സമയത്തിനകം അവസാനിപ്പിക്കാന്‍ ഉത്തരവിറങ്ങി. ശേഷം ജുമുഅ ഉള്‍പ്പടെ പള്ളിയിലെ നമസ്കാരം നിര്‍ത്തിവെക്കാനും അക്കാര്യം ബാങ്ക് വിളിയിലൂടെ ജനങ്ങളെ അറിയിക്കാനും പണ്ഡിതസഭ ആഹ്വനം ചെയ്തു. പോസറ്റീവ് കേസുകള്‍ എണ്ണം കൂടിയപ്പോള്‍ സാമൂഹ്യ വ്യാപനം തടയാനുള്ള നടപടിയിലേക്ക് രാജ്യം നീങ്ങി.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആരോഗ്യം, സുരക്ഷ, വൈദ്യുതി തുടങ്ങിയ അടിയന്തിര സേവനങ്ങള്‍ നല്‍കേണ്ട വകുപ്പുകള്‍ ഒഴികെ എല്ലാ ജീവനക്കാരോടും ഓഫിസില്‍ എത്തരുതെന്നും വീടുകളില്‍ ജോലി തുടരാനും ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ സ്ഥാപന ഉടമകളോട് പരമാവധി ജോലിക്കാര്‍ ഓഫീസിലെത്തുന്നത് തടയാനും 60 ശതമാനം ജോലിക്കാരെ വീട്ടില്‍ തന്നെ ഇരുന്ന് ജോലി ചെയ്യാനും പ്രോത്സാഹിപ്പിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സ്വദേശികളും വിദേശികളും ഉള്‍പ്പടെ ജനങ്ങള്‍ക്ക് ഒരു രീതിയിലുമുള്ള പ്രയാസങ്ങളും സൃഷിടിക്കാതെ ലോക് ഡൗണ്‍ നടപടികള്‍ ആരംഭിച്ചു. ആദ്യം വൈകീട്ട് 7 മുതല്‍ രാവിലെ ആറു വരെ രാജ്യമാകെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ സുരക്ഷാ സേനയെ നിരത്തിലിറക്കി. രാത്രികാലങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ വീട്ടിലെത്തി സേവനം നല്‍കാന്‍ റെഡ് ക്രസന്റിനെ സജ്ജമാക്കി. അടിയന്തര ചികിത്സയില്ലാത്ത കാര്യങ്ങളാണെങ്കില്‍ ചികിത്സക്ക് പുറത്തു പോകാന്‍ 997 ല്‍ വിളിച്ചാല്‍ പ്രതേക മൊബൈല്‍ സന്ദേശത്തിലൂടെ അനുമതി നല്‍കി. ആരോഗ്യമന്ത്രാലയത്തിന്റെ പഠന പ്രകാരം റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ ഉച്ചക്ക് മൂന്ന് മുതലാക്കാനും ഈ മൂന്ന് നഗരങ്ങളില്‍ നിന്നു പുറത്തേക്കും തിരിച്ചു നഗരത്തിലേക്കും പ്രവേശിക്കുന്നതും വിലക്കി. ദിവസങ്ങള്‍ക്ക് ശേഷം കൂടുതല്‍ കരുതലെന്നോണം ജിദ്ദയിലും കര്‍ഫ്യൂ ഉച്ചക്ക് മൂന്ന് മുതലായി അധികരിപ്പിച്ചു. മദീനയിലും മക്കയിലും തിരഞ്ഞെടുത്ത മേഖലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അപ്പോള്‍ തന്നെ അവശ്യ സാധനങ്ങള്‍ വാങ്ങാനായി ആറു മുതല്‍ മൂന്ന് വരെ അനുമതിയും നല്‍കി.
നഗരസഭകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി ചര്‍ച്ച നടത്തി ഭിന്ന ശേഷിക്കാര്‍ക്കും പ്രായം കൂടിയവര്‍ക്കും ഷോപ്പിങ്ങിനായി പ്രതേക സമയം ഏര്‍പ്പെടുത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചികിത്സയും ഭക്ഷണ വസ്തുക്കളും ഉള്‍പ്പടെ എല്ലാ ആവശ്യ സേവനങ്ങളും രാജ്യം ഒരുക്കിയിട്ടുണ്ടെന്ന് എല്ലാ രീതിയിലും രാജ്യം സുസജ്ജമാണെന്നും രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. ഏറ്റവും അവസാനം അനധികൃത താമസക്കാര്‍ക്ക് ഉള്‍പ്പടെ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രോഗ ലക്ഷണം കണ്ടാല്‍ പരിശോധനയും ചികിത്സയും സൗജന്യമാക്കി രാജകല്പന പുറത്തിറങ്ങി. ഇങ്ങനെ കൃത്യമായും കരുതലായും ലോകത്തിന് മാതൃകയാകുകയാണ് സൗദിയുടെ ഒരുക്കങ്ങള്‍.
ഇന്ത്യയില്‍ എല്ലാം സംഭവിക്കുന്നത് അര്‍ദ്ധ രാത്രിയാണ്. അതുപോലെ കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും അപ്രതീക്ഷിതം. മുന്‍കരുതലില്ല. കര്‍ഫ്യൂ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ രാജ്യത്തുണ്ടാകുന്ന പ്രതികരണങ്ങളും പ്രതിഫലനങ്ങളും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കൊവിഡിനെക്കാള്‍ ഭീകരമാണ് ഇന്ത്യയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം.
കേരളത്തില്‍ അതിഥി തൊഴിലാളികളെ കൈകാര്യം ചെയ്യാന്‍ പോലും കഴിയുന്നില്ല. നൂറിലധികം ലോക രാജ്യങ്ങളിലെ ഒരു കോടിയിലധികം ജനങ്ങളാണ് സൗദിയിലുളളത്. ഇവരെ ഏറെ മിടുക്കോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് ഭരണകൂടത്തിന്റെ ദീര്‍ഘവീക്ഷണമാണ്. അത് മാതൃകയാണ് എന്ന കാര്യത്തില്‍ സംശയമില്ല.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






