Sauditimesonline

nurse philimina
നീറുന്ന നാളുകള്‍ക്കൊടുവില്‍ പുഞ്ചിരി; ലഹരി മരുന്നല്ലെന്ന് സ്ഥിരീകരണം, ഫിലോമിനയെ വിട്ടയച്ചു

നീറുന്ന നാളുകള്‍ക്കൊടുവില്‍ പുഞ്ചിരി; ലഹരി മരുന്നല്ലെന്ന് സ്ഥിരീകരണം, ഫിലോമിനയെ വിട്ടയച്ചു

റിയാദ്: സൗദി അറേബ്യയില്‍ നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജിദ്ദയില്‍ കസ്റ്റഡിയിലായ വയനാട് അയ്യങ്കൊല്ലി സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിനയെ വിട്ടയച്ചു. കൈവശമുണ്ടായിരുന്ന മരുന്നുകള്‍ ലഹരിമരുന്നല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് മോചനം.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റിയാദ് കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്‌സാണ് ഫിലോമിന. ഈ മാസം 10നാണ് ബാംഗ്ലൂരില്‍ നിന്ന് ജിദ്ദ വഴി റിയാദിലേക്കുള്ള യാത്രയ്ക്കിടെ ജിദ്ദ എയര്‍പോര്‍ട്ട് കസ്റ്റംസ് ഇവരെ തടഞ്ഞുവെച്ചത്. പരിശോധനവേളയില്‍ കൈവശമുണ്ടായിരുന്ന മരുന്നുകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്നായിരുന്നു നടപടി.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെയും വിദഗ്ധ സംഘം മരുന്നുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാ ഫലത്തില്‍ ഇവ നിയമവിരുദ്ധമായ ലഹരിമരുന്നുകളല്ലെന്ന് വ്യക്തമായതോടെയാണ് ഫിലോമിനയെ അധികൃതര്‍ വിട്ടയച്ചത്. ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ നഴ്‌സ് മോചിതയായത് കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും പ്രവാസി സമൂഹത്തിനും വലിയ ആശ്വാസമായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top