Sauditimesonline

MARTIN P
മരുഭൂമിയില്‍ മാഞ്ഞ പ്രവാസം; മാര്‍ട്ടിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തും

മരുഭൂമിയില്‍ മാഞ്ഞ പ്രവാസം; മാര്‍ട്ടിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തും

അല്‍ അഹ്‌സ: ഹൃദയാഘാതം മൂലം മരിച്ച ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടില്‍ കുഞ്ഞുമോന്‍ സക്കറിയ (മാര്‍ട്ടിന്‍–55) യുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് അല്‍ അഹ്‌സ കിംഗ് ഫൈസല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നു ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി. എംബാമിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് (15-09-2026) ഉച്ചക്ക് 12.35ന് ദമ്മാം-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴ തത്തംപള്ളിയിലെ വീട്ടിലെത്തിക്കും.

മൃതദേഹത്തോടൊപ്പം ഭാര്യ പ്രീതി, മകന്‍ ജോര്‍ജ് മാര്‍ട്ടിന്‍ എന്നിവര്‍ അനുഗമിക്കും. അല്‍ അഹ്‌സയില്‍ 32 വര്‍ഷമായി പ്രവാസിയായിരുന്നു മരിച്ച മാര്‍ട്ടിന്‍. ഇഖാമ കാലാവധി കഴിഞ്ഞ പ്രീതിക്കും മകന്‍ ജോര്‍ജിനും നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് ഫൈനല്‍ എക്‌സിറ്റ് നേടിയിരുന്നു. മകന്‍ ജോര്‍ജിന്റെ പേരില്‍ അടക്കാനുണ്ടായിരുന്ന ആശ്രിത ലെവി 20920 റിയാല്‍ അടച്ചതിനു ശേഷമാണ് എക്‌സിറ്റ് വിസ ലഭിച്ചത്. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനും, ഭാര്യയുടെയും മകന്റെയും ഫൈനല്‍ എക്‌സിറ്റിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് നവോദയ കേന്ദ്ര കമ്മറ്റി പ്രസഡിഡന്റ് ഹനീഫ മുവ്വാറ്റുപുഴയുടെ നേതൃത്വത്തിലായിരുന്നു.

മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള ചെലവുകള്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ഇന്ത്യന്‍ എംബസി അനുവദിച്ചു. കുടുംബത്തെ നാട്ടിലേക്കയക്കുന്നതിന് ആവശ്യമായ തുഡ കണ്ടെത്തുന്നതിനു അല്‍ അഹ്‌സയിലെ സാമൂഹിക, സാംസ്‌കാരിക, സാമുദായിക, രാഷ്ട്രീയ രംഗത്തുളളവരും സംഘടനകളും മാര്‍ട്ടിന്‍ കുടുംബ സഹായ സമിതി രൂപീകരിച്ചിരുന്നു, മൂന്ന് ദിവസത്തിനിടെ 50590 റിയാല്‍ സ്വരൂപിച്ചു. മാര്‍ട്ടിന്റെ ഭാര്യയെയും മകനെയും നാട്ടിലയക്കാനുള്ള ചിലവ് കഴിഞ്ഞു ബാക്കി തുക കുടുംബത്തിന് നല്‍കാന്‍ കമ്മറ്റി തീരുമാനിച്ചു. ഹനീഫ മുവ്വാറ്റുപുഴ, നാസര്‍ മദനി, തോമസ്, സുനില്‍ കുമാര്‍, സുജിത്ത്, ജയപ്രകാശ്, റോഷ്‌മോന്‍, സിസ്റ്റര്‍ അനു, സിസ്റ്റര്‍ സൈനമ്മ തോമസ്, സിസ്റ്റര്‍ ഇര്‍ഫാന, സജി, ഹെന്റി, സാം, മാര്‍ട്ടിന്റെ സഹോദരന്‍ മൈക്കിള്‍, മാര്‍ട്ടിന്റെ ഭാര്യ സഹോദരി പ്രീതി, മകന്‍ ജോര്‍ജ് എന്നിവര്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ അല്‍ അഹ്‌സ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top