കേന്ദ്ര ഭരണം അഴിമതിയും വര്‍ഗീയതയും: കെ കെ ഷൈലജ

റിയാദ്: മതാടിസ്ഥാനത്തില്‍ പൗരത്വ നിയമം നടപ്പിലാക്കാനുളള ശ്രമം ജനങ്ങളെ ഭിന്നിപ്പിക്കാനെണെന്നു വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ. ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി അഴിമതിയിലൂടെ കള്ളപ്പണം സ്വരൂപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്. അതിനെ ചെറുക്കാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. നവോദയ സംഘടിപ്പിച്ച ഇഎംഎസ് – എകെജി അനുസ്മരണവും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും പരിപാടിയില്‍ നാട്ടില്‍ നിന്നു ഫോണില്‍ സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചര്‍.

ബി ജെ പിക്കെതിരെ സ്വയം തകരുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്. ഏത് നേതാവ് എപ്പോഴാണ് മറുകണ്ടം ചാടുകയെന്ന് ഒരുറപ്പുമില്ല. ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ. പ്രവാസി കുടുംബങ്ങള്‍ക്കുവേണ്ടി ഒട്ടനവധി ക്ഷേമ കാര്യങ്ങള്‍ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രവാസി കുടുംബങ്ങളുടെ പിന്തുണയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. യോഗം നവോദയ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഇ എം എസ്സിന്റെയും എ കെ ജിയുടേയും ജീവിത സമരവഴികള്‍ ഷാജു പത്തനാപുരം അവതരിപ്പിച്ചു. ഇരുനേതാക്കളും ഐക്യകേരളത്തിന്റെ പ്രധാനശില്പികളാണ്. അവരുടെ പോരാട്ടസ്മരണകള്‍ ഫാസിസതിനെതിരെയുള്ള പോരാട്ടത്തില്‍ മാര്‍ഗ്ഗദീപകങ്ങളാണെന്ന് ഷാജു ചൂണ്ടിക്കാട്ടി.

ഇസ്മായില്‍ കണ്ണൂര്‍, പൂക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ മണമ്പൂര്‍ അധ്യക്ഷനായിരുന്നു. മനോഹരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവാസികള്‍ക്കിടയില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നവോദയ തീരുമാനിച്ചു.

 

Leave a Reply