
റിയാദ്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി നേടിയ മികച്ച വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ‘വിജയാരവം’ സംഘടിപ്പിച്ചു. ബത്ഹ കെഎംസിസി ഓഫീസിലാണ് ഒഐസിസിയുടെയും കെഎംസിസിയുടെയും മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയംആഘോഷിച്ചത്.

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്റെ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ഭരണ വിരുദ്ധ വികാരം ജനങ്ങളില്‍ പ്രകടമാണെന്നും ജനദ്രോഹ സര്‍ക്കാറിന്റെ നയങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ് നിലമ്പൂര്‍ ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവശത അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹരിക്കാനും കഴിയാത്ത ഭരണകൂടമാണ് ഇന്ന് കേരളം ഭരിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ മാസങ്ങളായി നടത്തുന്ന ന്യായമായ സമരത്തെ കാണാന്‍ കഴിയാത്ത സര്‍ക്കാര്‍ നിലമ്പൂരിലെ പരാജയം ഉള്‍കൊണ്ട് കണ്ണ് തുറക്കാന്‍ തയ്യാറാവാണെന്ന് കുഞ്ഞി കുമ്പള അഭിപ്രായപ്പെട്ടു.

ജനവിധിയെ വര്‍ഗീയമാക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണ്. മലപ്പുറത്ത് ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്യാത്തവരെ തീവ്രവാദികളാക്കാനാണ് എക്കാലത്തും സിപിഎം ശ്രമിക്കുന്നതെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

അബ്ദുള്ള വല്ലാഞ്ചിറ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കര്‍, മുജീബ് ഉപ്പട, സലീം ആര്‍ത്തിയില്‍ , ജംഷി തുവ്വൂര്‍, വഹീദ് വാഴക്കാട് എന്നിവര്‍ പ്രസംഗിച്ചു. കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, ശരീഫ് അരീക്കോട്, ഷറഫു ചിറ്റ, മജീദ് മണ്ണാര്‍മല എന്നിവര്‍ ആഘോഷ പരിപാരികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






