Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

നിമിഷ പ്രിയയുടെ മോചനം ഉടന്‍: ചാണ്ടി ഉമ്മനും സാജന്‍ ലത്തീഫും ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എയും സൗദിയിലെ വ്യവസായ പ്രമുഖന്‍ സാജന്‍ ലത്തീഫും കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഇന്നലെ യമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും അപേക്ഷ സമര്‍പ്പിച്ചതിനിടെയാണ് കൂടിക്കാഴ്ച. അതുകൊണ്ടുതന്നെ ചാണ്ടി ഉമ്മനും സാജന്‍ ലത്തീഫും സുപ്രധാന നീക്കങ്ങളാണ് നടത്തുന്നത്. ഇതുവരെ തലാലിന്റെ കുടുംബവുമായി നേരിട്ട് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചാണ്ടി ഉമ്മന്‍ ഗവര്‍ണറെ ധരിപ്പിച്ചു. നൂറുശതമാനം മോചനം സാധ്യമാകുമെന്ന പ്രതീക്ഷയാണ് ഇരുവരും പങ്കുവെച്ചത്.

തലാലിന്റെ കുടുംബത്തിന്റെ മാപ്പ് നേടാനുളള കൂടിയാലോചനകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ചു നടത്തിയ ഓരോ ഘട്ടങ്ങളും തെളിവുകള്‍ സഹിതം ഗവര്‍ണറെ ബോധ്യപ്പെടുത്തി. വിവാദങ്ങളും ക്രെഡിറ്റ് തര്‍ക്കങ്ങളും തലാലിന്റെ കുടുംബാംഗങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതാണ് വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ആവര്‍ത്തിച്ചു ആവശ്യപ്പെടാന്‍ കരാണം. മധ്യസ്ഥ ശ്രമങ്ങളും മോചനത്തിനുളള കരാര്‍ വ്യവസ്ഥകളും രഹസ്യമായി സൂക്ഷിക്കണമെന്നാണ് തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

കുടുംബാംഗങ്ങള്‍ക്കു മാനഹാനി ഉണ്ടാകുന്ന പ്രസ്താവനകളും പ്രചാരണങ്ങളുമാണ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്നത്. കുടുംബത്തിന്റെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തുന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കിടെ എത്ര വലിയ തുക ദിയ ധനമായി വാഗ്ദാനം ചെയ്താലും മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിക്കാന്‍ തലാല്‍ കുടുംബം ഒരുക്കമല്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മനും സാജന്‍ ലത്തീഫും നടത്തുന്ന ശ്രമങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തുന്നത്. ഇക്കാര്യങ്ങള്‍ ഗവര്‍ണര്‍ വഴി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുകയും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ മാപ്പിനുളള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. കുടുംബവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഒരാഴ്ചക്കകം കരാര്‍ ഒപ്പുവെയ്ക്കാന്‍ കഴിയുമെന്നാണ് ചാണ്ടി ഉമ്മന്റെയും സാജന്‍ ലത്തീഫിന്റെയും പ്രതീക്ഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top