Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഭ്രാന്തന്‍ ജല്‍പനങ്ങള്‍

കവിത | ഷബ്‌ന

സത്യം വിളിച്ചു പറഞ്ഞതിനാണ്
ഭ്രാന്തൻ എന്നു മുദ്രകുത്തപ്പെട്ടത്.
എന്നിൽ പുകഞ്ഞു കത്തും
പ്രതിഷേധ ഘോഷങ്ങൾ
വെറും ഭ്രാന്തൻ ജല്പനങ്ങളെന്നു
ചൊല്ലിയെത്ര നാൾ
നിങ്ങൾ പരിഹസിക്കും?

ജ്വലിക്കുമെൻ വാക്കുകളേതു
കൂരിരുട്ടിൽ തള്ളിയെന്നാലും,
ഏതു “ഭ്രാന്തൻ ജല്പന” കള്ളികൾക്കുള്ളിൽ
തടവിലാക്കിയാലും
നിലക്കില്ലൊരിക്കലുമന്ത്യശ്വാസം വരെ,
നീതി വെളിച്ചത്തിനായി
അലറുമെൻ കണ്ഠഘോഷങ്ങൾ!

വെറിപൂണ്ട
മരണത്തിന്റെ കാവലാളുകൾ,
കണ്ണുകൾ തുരന്നും
നാവുകൾ പിഴുതും,
ഭീതി വിതച്ചു കൊണ്ട്
ഈ ഇരുട്ടിൽ ഉന്മാദ നൃത്തം
തുടങ്ങിയിരിക്കുന്നു.

മരണത്തിന്റെ കാഹളം മുഴങ്ങുന്നു,
ചിതയിലെ കൊള്ളികളിൽ തീയാളുവാനായി
എണ്ണയൊഴിക്കുന്നു നിശാശക്തികൾ!

കവിതകൾ പ്രതിധ്വനിക്കുന്ന മനസ്സുമായി
ഈ നാലു ചുവരുകൾക്കുള്ളിൽ,
നിലക്കാത്ത പോരാട്ടവുമായി
ഞാൻ കാത്തിരിക്കുകയാണ്,
എന്റെ മരണച്ചീട്ടുമായി എത്തുന്ന
അന്ധകാരത്തിന്റെ ദൂതന്മാരെ!

തന്റെ പൊള്ളുന്ന നേർശബ്ദങ്ങളുടെ
ചൂടിൽ കത്തി തീരുമോ എന്ന ഭയത്തിൽ,
അധാർമികതയുടെ കാവലാളുകളെന്നെ
ചങ്ങലകളിൽ ബന്ധിതനാക്കി,
സത്യത്തെ കുഴിച്ചുമൂടും
മരണത്തിൻ ചിതയിലേക്ക്,
കൂക്കിവിളിച്ചെന്നെ തള്ളിയിടുന്നു.

എങ്കിലും, അവരറിയുന്നില്ല:
എന്റെ ശരീരം ചിതയിൽ ചാരമാകുമ്പോഴും,
ഞാൻ വിളിച്ചുപറഞ്ഞ
അസ്വസ്ഥമായ സത്യങ്ങളുടെ
പ്രതിധ്വനികൾ
സഞ്ചരിച്ചുകൊണ്ടേയിരിക്കും.
ഇരുളടഞ്ഞ വഴികളിലൂടെ
ഒരല്പം വെളിച്ചം വീശുന്ന നിമിഷം വരെയും!

അന്ന്,
ഞാൻ വീണ്ടും ജനിക്കും
ഒരു ശബ്ദമല്ല,
അനേകം വാക്കുകളായും,
അനേകം സ്വരങ്ങളായും,
അനേകം നിലവിളികളായും!

അവൻ ഞാനാകും,
അവളും ഞാനാകും,
നാം എല്ലാവരും ആ ഒരു
ശബ്ദത്തിന്റെ പുനർജന്മമാകും

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top