Sauditimesonline

PRINCE
പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ സഖ്യം; 'മക്ക കരാര്‍' ഒപ്പുവെച്ചു

പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ സഖ്യം; ‘മക്ക കരാര്‍’ ഒപ്പുവെച്ചു

മക്ക: പശ്ചിമേഷ്യയില്‍ യുദ്ധഭീതിക്കിടെ രാഷ്ട്രീയ സുരക്ഷാ സമവാക്യങ്ങളില്‍ ചരിത്ര മാറ്റം വിളംബരം ചെയ്ത് ത്രിരാഷ്ട്ര സംയുക്ത പ്രതിരോധ കരാറില്‍ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും മക്കയില്‍ ഒപ്പുവെച്ചു. ‘മക്ക കരാര്‍’ പ്രകാരം, മൂന്ന് രാജ്യങ്ങളില്‍ ഒന്നിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി പരിഗണിക്കും.

സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫുമാണ് കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരും ഉന്നത സൈനിക മേധാവികളും സന്നിഹിതരായിരുന്നു. മേഖലയില്‍ സുസ്ഥിരതയും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ത്രിരാഷ്ട്ര സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തിലേറെ നീണ്ട ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്.

സൗദി സൈന്യത്തിന് കാലളായി പാകിസ്ഥാന്‍ നല്‍കിവരുന്ന പരിശീലനവും, തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള അത്യാധുനിക യുദ്ധക്കപ്പല്‍പരിശീലനവും സൗദിക്ക് തുര്‍ക്കി നല്‍കുന്ന ഡ്രോണ്‍ സാങ്കേതികവിദ്യയും ത്രികക്ഷി കരാറില്‍ ഏകോപിപ്പിക്കും. മറ്റ് രാജ്യങ്ങളെ ആക്രമിക്കുക എന്നതിലുപരി കൂട്ടായ പ്രതിരോധം സൃഷ്ടിക്കുകയാണ് മുഖ്യ ലക്ഷ്യം.

ഇറാന്‍ അനുകൂല വിഭാഗങ്ങളുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ ഭീഷണികളും ഇസ്രായേലിന്റെ തുടര്‍ സൈനിക നീക്കങ്ങളും ശക്തമായ സാഹചര്യത്തിലാണ് പുതിയ കൂട്ടുകെട്ട്. കൂടാതെ, അമേരിക്ക നല്‍കുന്ന സുരക്ഷാ ഉറപ്പുകളില്‍ വിടവുകള്‍ ദൃശ്യമായ പശ്ചാത്തലത്തിലാണ് സ്വന്തം സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാം് തന്ത്രപരമായ തീരുമാനം ഇസ്‌ലാമിക ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ തുര്‍ക്കിയും അണുവായുധ ശേഷിയുള്ള പാകിസ്ഥാനും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികഎണ്ണ ശക്തിയായ സൗദിയുമായി കൈകോര്‍ക്കുന്നത് പശ്ചിമേഷ്യന്‍ ഭൗമ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top