
റിയാദ്: അന്വേഷണത്തിന്റെ പേരില്‍ ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ ന്യൂസ് ഡെസ്‌കില്‍ കയറി സംപ്രേഷണം തടസ്സപ്പെടുത്തിയ പൊലീസ് നടപടി മാധ്യമങ്ങള്‍ക്കുള്ള താക്കീതാണെന്ന് കേളി കലാസാംസ്‌കാരിക വേദി. വരുംനാളുകളില്‍ സംസ്ഥാനത്ത് മാധ്യമങ്ങളും ജനാധിപത്യവും നേരിടേണ്ടിവരുന്ന ഭീഷണിയുടെ സൂചനയാണിതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തി നാലു മാസം തികയും മുമ്പ് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നത്. പരിശോധനയുടെ പേരില്‍ എഡിറ്ററുടെ കസേരയില്‍ കയറിയിരുന്ന് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. വാര്‍ത്താ ഉറവിടം തേടാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ നിലനില്‍ക്കെ ന്യൂസ് ഡെസ്‌കില്‍ നേരിട്ട് ഇടപെട്ടത് അമിതാധികാര പ്രയോഗമാണ്.

അധികാരത്തിലെത്തിയാല്‍ ചാനല്‍ പൂട്ടിക്കുമെന്ന് യുഡിഎഫ് നേതാവ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴുണ്ടായ നടപടിയെ കൂടുതല്‍ ഗൗരവത്തോടെ കാണണം. വിമര്‍ശനങ്ങളെ ജനാധിപത്യപരമായി നേരിടുന്നതിന് പകരം അധികാരശക്തി ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല.
കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിക്കാനും മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കാനും ശ്രമിക്കുന്ന സര്‍ക്കാരിന്റെ നടപടികളില്‍ ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ജനാധിപത്യ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും കേളി അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






