
റിയാദ്: പ്രവാസികളെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പുനഃപരിശോധിക്കണമെന്ന്പ്രവാസി അവകാശ സംരക്ഷണ സദസ്സ് റിയാദില്‍ ആവശ്യപ്പെട്ടു. കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളും ലോക കേരള സഭാ മുന്‍അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

നാടിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നല്‍കുന്ന പ്രവാസികളുടെ ജീവിതസുരക്ഷയും കുടുംബങ്ങളുടെ ക്ഷേമവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വിദേശത്ത് കഷ്ടപ്പെട്ട് കുടുംബം പുലര്‍ത്തുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകേണ്ട ഇന്‍ഷുറന്‍സ് പദ്ധതി ഉയര്‍ന്ന പ്രീമിയം കാരണം അപ്രാപ്യമാകുന്നത് അംഗീകരിക്കാനാകില്ല. പ്രവാസികളുടെ സാമ്പത്തിക ശേഷി കണക്കിലെടുത്ത് എല്ലാവര്‍ക്കും താങ്ങാനാകുന്ന രീതിയില്‍ പ്രീമിയം നിരക്കുകള്‍ പുനര്‍നിശ്ചയിക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

കേളി പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗവും എന്‍ആര്‍കെ കണ്‍വീനറുമായ സുരേന്ദ്രന്‍ കൂട്ടായി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് പ്രമേയം അവതരിപ്പിച്ചു.
ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ലോക കേരള സഭാ മുന്‍അംഗം ഇബ്രാഹിം സുബ്ഹാന്‍, ന്യൂ എയ്ജ് രക്ഷാധികാരി സെക്രട്ടറി മുഹമ്മദ് സാലി, കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, രക്ഷാധികാരി സമിതി അംഗം സീബാ കൂവോട്, കുടുംബവേദി ട്രഷറര്‍ സീന സെബിന്‍, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ സതീഷ് വളവില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും ആക്ടിങ് ട്രഷറര്‍ സിംനേഷ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






