ഖാഫി തുവ്വൂര്‍

റിയാദ്: വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരാന്‍ സൗദി അറേബ്യ ടൂറിസ്റ്റ് ഇ-വിസ സൗകര്യം നാല് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. മെക്‌സിക്കോ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, സെര്‍ബിയ, നോര്‍ത്ത് മാസിഡോണിയ എന്നീ രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സൗദി ഇ-വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളുടെ എണ്ണം 72 ആയി ഉയര്‍ന്നു.

പുതുതായി ഉള്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി ഇവിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ, സൗദിയിലെ പ്രവേശന കവാടങ്ങളില്‍ എത്തിയ ശേഷം വിസ നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസയിലൂടെ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാം. എന്നാല്‍, ആകെ താമസകാലയളവ് 90 ദിവസത്തില്‍ കവിയാന്‍ പാടില്ല. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും ഇ-വിസ ഉപയോഗിക്കാം. ഹജ്ജ് സീസണ്‍ ഒഴികെയുള്ള സമയങ്ങളില്‍ ഉംറ നിര്‍വഹിക്കാനും അനുമതിയുണ്ട്.

അതേസമയം, ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ടൂറിസ്റ്റ് ഇ-വിസ ഉപയോഗിച്ച് ജോലി ചെയ്യാന്‍ അനുവാദമില്ല. അനുവദിച്ച കാലാവധിക്കപ്പുറം രാജ്യത്ത് തങ്ങുന്നവര്‍ക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും. യാത്രാ സൗകര്യങ്ങള്‍ക്കായി വിമാനടിക്കറ്റും താമസവും ഉള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകളും അധികൃതര്‍ അവതരിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും സൗദി ‘വിഷന്‍ 2030’ പദ്ധതിയില്‍ വിനോദസഞ്ചാര മേഖലയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. വിസ നടപടികള്‍ ലളിതമാക്കുന്നതിലൂടെ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കാനും ആഗോള ടൂറിസം ഭൂപടത്തില്‍ രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയുമെന്നാണ് വിലയിരീത്തപ്പെടുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






