
റിയാദ്: ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി റിയാദില്‍ ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാധ്യമപ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ പങ്കെടുത്ത ടെസ്റ്റില്‍ സ്വയംപ്രതിരോധ കഴിവുകള്‍, മാര്‍ഷല്‍ ആര്‍ട്‌സ് പ്രകടനങ്ങള്‍ എന്നിവ അരങ്ങേറി.

കുട്ടികളില്‍ ആത്മവിശ്വാസം, അച്ചടക്കം, ഏകാഗ്രത, സ്വയംപ്രതിരോധശേഷി എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പരിശീലന മികവ് വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുമാണ് ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചത്.

മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം കുട്ടികളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം മാനസിക കരുത്തും ആത്മവിശ്വാസവും വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ഷംനാദ് കരുനാഗപ്പള്ളി അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം ഇത്തരം കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമി സ്ഥാപകനും ഗ്രാന്‍ഡ്മാസ്റ്ററുമായ അഞ്ജൂ ജി ഓണ്‍ലൈനിലൂടെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. മാസ്റ്റര്‍ ദീപു, മാസ്റ്റര്‍ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രേഡിംഗ് ടെസ്റ്റ് നടന്നത്. ചടങ്ങില്‍ നീതു, ദീപു, സാമുവല്‍, കനക, സുജ ബിനോയ്, അനീഷ്, സുരേന്ദ്രന്‍, മാധവന്‍, ബിനീഷ്, രാജേഷ്, ജിജിന്‍, തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






