Sauditimesonline

SaudiTimes

രാജ്യത്തെ വീണ്ടെടുക്കണം; കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് റിയാദ് യുഡിഎഫ്

റിയാദ്: ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനുള്ള സുപ്രധാന തെരെഞ്ഞെടുപ്പിനെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. ഒഐസിസി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റികള്‍ രൂപം നല്‍കിയ യുഡിഎഫ് സമിതിയുടെ നേതൃത്വത്തിലായിരുന്നു അത്താഴ സംഗമത്തോടെ തെരഞ്ഞെടുപ്പ് പ്രചരണ ക്യാമ്പയിന് തുടക്കമായത്.

കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. രാജ്യത്തിന്റെ ആത്മാവ് നിലനില്‍ക്കുന്നത് മതേതരത്വത്തിലും സൗഹാര്‍ദ്ധത്തിലുമാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മതത്തിന്റെ പേരില്‍ വിഭജിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ജയിലിലടക്കുന്ന സമീപനം ഭീരുത്വമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നല്‍കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇലക്ട്രല്‍ ബോണ്ട് വഴി കോടികള്‍ സാമ്പാദിച്ച ബിജെപി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അകൗണ്ട് മരവിപ്പുകയും ഭീമമായ സംഖ്യ പിഴ ചുമത്തുകയും ചെയ്തത് ജനാധിപത്യ വിരുദ്ധമാണ്.

കേരളത്തില്‍ ബിജെപിയും സിപിഎമ്മും അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പല കേസുകളിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഇതിന് ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസിനെ ദുര്‍ഭലപ്പെടുത്തി കേരളത്തില്‍ തുടര്‍ ഭരണം കരസ്ഥമാക്കാനുള്ള ദുഷിച്ച രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ഈ അവസരവാദ നിലപാടിനെതിരെ കേരളീയ സമൂഹം വിധിയെഴുതണമെന്ന് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. കേരളത്തിലെ ഇരുപത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളള്‍ക്കും വോട്ട് അഭ്യര്‍ത്ഥിച്ചു വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.

റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെനന്‍ഷനില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റിയാദ് യുഡിഎഫ് കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മപദ്ധതികള്‍ക്കു യോഗം അംഗീകാരം നല്‍കി. റിയാദിലെ വിവിധ ഏരിയകളില്‍ കണ്‍വെന്‍ഷനുകള്‍, ജില്ലാ യുഡിഎഫ് കോ ഓഡിനേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ല കണ്‍വെന്‍ഷനുകള്‍, പാര്‍ലിമെന്റ് മണ്ഡലം യോഗങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് വിവിധ ഭാഷകളില്‍ തയ്യാറാക്കിയ ലഖുലേഘകളുടെ വിതരണം. സോഷ്യല്‍ മീഡിയ പ്രചരണം, പ്രവാസികളുടെ താമസ സ്ഥല സന്ദര്‍ശനം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി രേഖ യുഡിഎഫ് കോ ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ശങ്കര്‍ അവതരിപ്പിച്ചു.

വൈസ് ചെയര്‍മാന്‍ ഫൈസല്‍ ബാഹസന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. കുഞ്ഞികുമ്പള, കെ കെ കോയാമുഹാജി, സലീം കളക്കര, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, റഷീദ് കൊളത്തറ, മുജീബ് ഉപ്പട, അസ്‌കര്‍ കണ്ണൂര്‍, ഷാജി സോന, അബ്ദുറഹ്മാന്‍ ഫാറൂഖ്, അഡ്വ അനീര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും കെ കെ തോമസ് നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top