റിയാദ്: സൗദിയില്‍ ഒരു മാസത്തിനിടെ പതിനായിരത്തിലധികം നിയമ ലംഘകര്‍ക്ക് പാസ്‌പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് സമിതി ശിക്ഷ വിധിച്ചതായി അധികൃതര്‍. താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 10,121 പേര്‍ക്കാണ് ഏപ്രില്‍ മാസം വിവിധ പ്രവിശ്യകളിലെ പാസ്‌പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് സമിതികള്‍ ശിക്ഷ വിധിച്ചത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിയുക, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. നിയമ ലംഘകരെ സാഹായിച്ചതിനാണ് സ്വദേശികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. നിയമ ലംഘനത്തിന്റെ തോതനുസരിച്ച് തടവും പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തും.
നിയമ ലംഘകര്‍ക്കു ജോലി, അഭയം, യാത്രാ സൗകര്യം എന്നിവ നല്‍കരുതെന്ന് സ്വദേശികളോടും വിദേശികളോടും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. രാജ്യ വ്യാപകമായി വിവിധ ഏജന്‍സികള്‍ പരിശോധന തുടരുകയാണ്. ആഴ്ചയില്‍ പതിനായിരത്തിലധികം നിയമ ലംഘകരാണ് പിടിയിലാകുന്നത്. നിയമ ലംഘകരുടെ വിവരങ്ങള്‍ 911 എന്ന നമ്പറില്‍ അറിയിക്കണമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.