
റിയാദ്: സൗദിയില്‍ ആഭ്യന്തര ചരക്ക് നീക്കത്തിന് അനുമതിയുളളത് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ട്രക്കുകള്‍ക്ക് മാത്രമാണെന്ന് പൊതുഗതാഗത അതോറിറ്റി. അയല്‍ രാജ്യങ്ങളിലെ ട്രക്കുകള്‍ രാജ്യത്ത് ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമാണെന്നും അതോറിറ്റി വ്യക്തമാക്കി.

അയല്‍ രാജ്യങ്ങളില്‍ നിന്നു ചരക്കുകള്‍ കയറ്റി വരുന്ന ട്രക്കുകള്‍ മടങ്ങുന്നതിനിടെ ആഭ്യന്തര ചരക്കുകള്‍ നീക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് പൊതു ഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്. വിദേശങ്ങളില്‍ നിന്ന് രാജ്യത്തെ നിശ്ചിത നഗരത്തിലേക്ക് ചരക്ക് കൊണ്ടുവരുന്നതിന് മാത്രമാണ് വിദേശ ട്രക്കുകള്‍ക്ക് അനുമതിയുള്ളത്. ചരക്ക് ഇറക്കിയ ശേഷം വന്ന രാജ്യത്തേക്കു സൗദി ഉത്പ്പന്നങ്ങള്‍ മടക്ക യാത്രയില്‍ കൊണ്ടുപോകാന്‍ അനുമതിയുണ്ട്. മടക്ക യാത്രയില്‍ ഉള്‍പ്പെട്ട നഗരങ്ങളില്‍ നിന്നു ചരക്ക് എടുക്കാനും വിദേശ ട്രക്കുകള്‍ക്ക് അനുമതിയുണ്ട്. ഇതിന് വിദേശത്ത് രജിസ്റ്റര്‍ ചെയ്ത ട്രക്കുകള്‍ പൊതുഗതാഗത അതോറിറ്റിയില്‍നിന്ന് പ്രത്യേക അനുമതി നേടണം
ലൈസന്‍സുള്ള ചരക്ക് ഗതാഗത കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വിദേശ ട്രക്കുകള്‍ രാജ്യത്തെ നഗരങ്ങള്‍ക്കിടയില്‍ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് തടയാന്‍ ഫീല്‍ഡ് പരിശോധന നടത്തും. 90 ശതമാനം വിദേശ ട്രക്കുകളും നിയമം പാലിക്കുന്നവരാണ്. നിയമ ലംഘനങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 19929 ല്‍ അറിയിക്കണമെന്നും അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
