Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

പ്രവാസികളുടെ കൈത്താങ്ങിലാണ് കേരളമെന്ന് അനില്‍ പനച്ചൂരാന്‍

റിയാദ്: പ്രവാസികളുടെ അധ്വാന ഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍. റിയാദ് നവോദയ പത്താം വാര്‍ഷികാഘോഷം ‘ദശോത്സവം സീസണ്‍ രണ്ട്’ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് കലാകാരന്മാരും പ്രതിഭാധനരും പ്രവാസ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. അവരുടെ അഭാവം കേരളം നേരിടുന്ന നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലേക്കുള്ള ക്ഷണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. എന്നാല്‍ ഏറ്റവും മികച്ച അനുഭവമാണ് സൗദി അറേബ്യ തനിക്കു സമ്മാനിച്ചത്. ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഒരു ചെറിയ ജനസമൂഹം മാത്രം സംസാരിക്കുന്ന മലയാളം എന്ന കൊച്ചു ഭാഷയില്‍ കവിത എഴുതുന്ന എന്നെ ഒരു ആഗോള കവിയാക്കുന്നത് ലോകത്തെല്ലായിടത്തും മലയാള ഭാഷയുമായി ജീവിക്കുന്ന കേരളീയരാണ്. അടിസ്ഥാന ജനവിഭാഗത്തിനൊപ്പം നില്‍ക്കുക എന്നതാണ് തന്റെ കവിതയും രാഷ്ട്രീയവുമെന്ന് അദ്ദേഹം പറഞ്ഞു. എഴുതാന്‍ മനസ്സുകൊണ്ട് നിര്‍ബന്ധിക്കപ്പെടുമ്പോഴാണ് കവിതകള്‍ എഴുതിയിട്ടുള്ളത്, അതൊക്കെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയുള്ള കവിതകളാണ് ഏറിയപങ്കും. സദസ്സിന്റെ ആവശ്യപ്രകാരം സ്വന്തം കവിതകളും അദ്ദേഹം ആലപിച്ചു. നവോദയ പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടിങ് നടത്തി. ബാബുജി, വിക്രമലാല്‍, അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, ജയന്‍ കൊടുങ്ങല്ലൂര്‍, അഡ്വ. അജിത്, സലിം കളക്കര, ജോസഫ് അതിരുങ്കല്‍, നെബു വര്‍ഗ്ഗീസ്, യഹിയ സഫാമക്ക, ഷാജു വാളപ്പന്‍, സബീന എം സാലി എന്നിവര്‍ പ്രസംഗിച്ചു

പിന്നണി ഗായകന്‍ കൊല്ലം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും അരങ്ങേറി. ആര്‍ എം സിയിലെ ഗായകസംഘവും ഗാനങ്ങള്‍ ആലപിച്ചു. അനില്‍ പനച്ചൂരാനെ കുറിച്ചും കൊല്ലം അഭിജിത്തിനെ കുറിച്ചും നവോദയയെ കുറിച്ചും സുരേഷ് സോമന്‍ തയ്യാറാക്കിയ വീഡിയോ പ്രൊഫൈലും പ്രദര്‍ശിപ്പിച്ചു.

അനില്‍ പനച്ചൂരാനുള്ള ഉപഹാരം സെക്രട്ടറി രവീന്ദ്രനും, അഭിജിത്തിനുള്ള ഉപഹാരം പ്രസിഡണ്ട് ബാലകൃഷ്ണനും സമ്മാനിച്ചു. അനില്‍ പിരപ്പന്‍കോട്, അഞ്ജു സജിന്‍ എന്നിവരും അതിഥികള്‍ക്കു ഉപഹാരം സമ്മാനിച്ചു. സഫ മക്ക പോളിക്ലിനിക്, വാളപ്പന്‍ എക്‌സിം, ജരീര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ഖാദി മെഡിക്കല്‍ സപ്ലൈസ്, റിയാദ് വില്ലാസ്, പ്രമോദ് തട്ടകം, നവോദയ ലോഗോ ഡിസൈന്‍ ചെയ്ത സുനില്‍ വേളാവൂര്‍ (ബഹ്‌റൈന്‍) എന്നിവര്‍ക്കും ഉപഹാരം സമ്മാനിച്ചു. ‘പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍’ ക്വിസ് മത്സരത്തില്‍ റിയാദില്‍ നിന്നു വിജയിച്ച നവോദയ കുടുംബവേദി വിദ്യാര്‍ത്ഥി മുഹമ്മദ് അക്മല്‍ ആരിഫിനെ ആദരിച്ചു.

അനാഥന്‍ എന്ന കവിതയെ ആസ്പദമാക്കി നവോദയ പ്രവര്‍ത്തകര്‍ രംഗാവിഷ്‌കാരം നടത്തി. ‘വലയില്‍ വീണ കിളികള്‍’ എന്ന കവിതയുടെ നൃത്താവിഷ്‌കാരം റിയാദ് മലയാളി ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് മിന്നാമിന്നി ഗാവല്‍സ് കൂട്ടം അവതരിപ്പിച്ചു. നവോദയ ഗായകസംഘം അവതരിപ്പിച്ച സംഘഗാനങ്ങള്‍, ഡി 5 ഡാന്‍സ് ഫെയിം ഹരിപ്രിയയും സഹോദരനും കാഴ്ചവെച്ച നൃത്തങ്ങള്‍, അലിഫ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പന, മാര്‍ഗ്ഗം കളി, ദേവികാ നൃത്ത കലാക്ഷേത്ര അവതരിപ്പിച്ച തിരുവാതിര, വൈദേഹി നൃത്ത വിദ്യാലയം അവതരിപ്പിച്ച സെമിക്ലാസ്സിക്കല്‍ നൃത്തം എന്നിവയും അരങ്ങേറി. കുമ്മിള്‍ സുധീര്‍ സ്വാഗതവും സുരേഷ് സോമന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top