നസ്‌റുദ്ദീന്‍ വി ജെ

പലരുടെയും കുടുംബം സൗദിയിലില്ല. സഹപ്രവര്‍ത്തകരായവര്‍ കൊവിഡിനെതിരെ പോര്‍മുഖത്താണ്. ഇവരും അവരോടൊപ്പം മറ്റുളളവരെ പരിചരിച്ചിരുന്ന നഴ്‌സുമാരാണ്. ഡെലിവറി സമയം അടുത്തതോടെ അവധിയില്‍ ആശങ്കയില്‍ കഴിയുന്നത് കാണാതിരിക്കാന്‍ കഴിയില്ല.
റിയാദ്: അല്‍ ഖസീമില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വിങ്ങിപ്പൊട്ടി വീഡിയോയിലൂടെ നടത്തിയ അഭ്യര്‍ത്ഥന ‘എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം’ എന്നാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച ഹരജികളില്‍ പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആലോചനയില്ലെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്രവും കോടതിയും അനുകൂല തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടിയന്തിര യാത്ര അസാധ്യമാണ്. സൗദി ഗവണ്‍മെന്റ് വിദേശ യാത്രക്കാരെ മടക്കി അയക്കുന്നതിന് തയ്യാറാക്കിയ ‘ഔദ’ പദ്ധതിയില്‍ വിമാനം ഇറങ്ങാന്‍ അനുമതി ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാരെ പരിഗണിച്ചിട്ടുമില്ല.
അതിനിടെ, വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ മുന്‍ഗണനാ ക്രമം കേരള സര്‍ക്കാര്‍ തയ്യാറാക്കി. വിസിറ്റിംഗ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് വിസക്കാര്‍, ജയില്‍മോചിതരായവര്‍, മറ്റുളളവര്‍ എന്നിങ്ങനെയാണ് പട്ടിക. കേരളത്തിന് ആഗ്രഹമുണ്ടെങ്കിലും ഇവരെ മടക്കി കൊണ്ടുവരാന്‍ കഴിയില്ല.
സൗദിയില്‍ 13 ലക്ഷം മലയാളികളാണുളളത്. ഇതില്‍ മുന്‍ഗണനാ വിഭാഗത്തിലുളള എത്ര ശതമാനം ഉണ്ടാകും എന്നു വ്യക്തമല്ല. എങ്കിലും ശരാശരി അഞ്ച് ശതമാനം ഉണ്ടെന്നു കരുതുക. അങ്ങനെയാണെങ്കില്‍ തന്നെ 65,000 മലയാളികള്‍ കേരളത്തിലേക്ക് യാത്ര ചെയ്യാനുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു സാധ്യമല്ലെന്ന തിരിച്ചറിവ് ഉള്‍ക്കൊളളണം. അതിനനുസരിച്ചുളള പദ്ധതി തയ്യാറാക്കുകയാണ് ആവശ്യം.
മുന്‍ഗണനാ പട്ടികയില്‍ യഥാര്‍ത്ഥ പ്രതിസന്ധി അഭിമുഖീകരിക്കുന്നതും അടിയന്തിര പരിഹാരം ഉണ്ടാവേണ്ടതും ഗര്‍ഭിണികളുടെ കാര്യത്തിലാണ്. പ്രത്യേകിച്ച് ജോലിയുളളതും ഹോസ്റ്റലില്‍ കഴിയുന്നവരുമായ ഗര്‍ഭിണികളുടെ കാര്യമാണ് അതീവ ഗൗരവമായി പരിഗണിക്കേണ്ടത്. ഭര്‍ത്താവും ബന്ധുക്കളും അടുത്തില്ലാത്ത ഇത്തരക്കാര്‍ക്ക് പിന്തുണ ആവശ്യമാണ്. ഇതിനുളള നിര്‍ദേശങ്ങളാണ് ചുവടെ സംഗ്രഹിക്കുന്നത്.
- സൗയിലെ ഓരോ പ്രവിശ്യയിലുമുളള ഗര്‍ഭിണികളുടെ ഇഡിഡി (എക്‌സ്‌പെക്റ്റഡ് ഡെലിവറി ഡേറ്റ്) ഉള്‍പ്പെടെയുളള സ്ഥിതി വിവരം ശേഖരിക്കുക.
- മലയാളികളായ ഗൈനക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നഴ്‌സുമാര്‍, ഇതര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഗ്രൂപിന് രൂപം നല്‍കുക.
- സഹായത്തിന് ആളില്ലാത്ത ഗര്‍ഭിണികളെ സഹായിക്കാന്‍ സന്നദ്ധരായ വനിതാ വളന്റിയേഴ്‌സിനെ കണ്ടെത്തുക.
- ഓരോ പ്രദേശത്തും പ്രസവാനന്തര ശുശ്രുഷ ചെയ്യുന്ന വനിതകള്‍ ഉണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും സേവനം ലഭ്യമാക്കുകയും ചെയ്യുക.
- അടിസ്ഥാന വിവര ശേഖരണത്തിന് ശേഷം ഓരോ പ്രവിശ്യയിലും ഗര്‍ഭിണികളെ സഹായിക്കാന്‍ വളന്റിയേഴ്‌സിനെ ചുമതലപ്പെടുത്തുക.
വിമാന യാത്ര എപ്പോള്‍ സാധ്യമാകുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. അതുകൊണ്ടുതന്നെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല എന്ന ബോധ്യത്തോടെയുളള മുന്‍കരുതലുകളാണ് ആവശ്യം. ആരോഗ്യ മന്ത്രാലയത്തിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന ഗര്‍ഭിണികളായ യുവതികള്‍ക്ക് മാനസികമായും അല്ലാതെയും പിന്തുണ കൊടുക്കണം. പലരുടെയും കുടുംബം സൗദിയിലില്ല. സഹപ്രവര്‍ത്തകരായവര്‍ കൊവിഡിനെതിരെ പോര്‍മുഖത്താണ്. ഇവരും അവരോടൊപ്പം മറ്റുളളവരെ പരിചരിച്ചിരുന്നവരാണ്. ഡെലിവറി സമയം അടുത്തതോടെ അവധിയില്‍ ആശങ്കയില്‍ കഴിയുന്നത് കാണാതിരിക്കാന്‍ കഴിയില്ല. മാനസിക പിരിമുറുക്കം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ടുതന്നെ സൗദിയിലുളള പ്രവാസി കൂട്ടായ്മകള്‍ ഇതു ഗൗരവമായി പരിഗണിച്ച് ഓരോ പ്രദേശത്തും ചെയ്യാന്‍ കഴിയുന്ന സഹായം എത്തിക്കണം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






